നോട്ടു പിന്‍വലിക്കല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്ന്; കോടിക്കണക്കിന് രൂപ മൂല്യം വരുന്ന പുതിയ നോട്ടുകള്‍ ചിലര്‍ക്ക് മാത്രം ലഭിക്കുന്നതെങ്ങനെ

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2016 (15:44 IST)
രാജ്യത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. നോട്ട് പിന്‍വലിക്കലിന്റെ ലക്‌ഷ്യം സര്‍ക്കാര്‍ മാറ്റി കൊണ്ടിരിക്കുകയാണ്.
 
കള്ളപ്പണം തടയുക എന്ന ലക്‌ഷ്യത്തോടെയാണ് നോട്ടുകള്‍ അസാധുവാക്കുന്നത് എന്നായിരുന്നു ആദ്യഘട്ടത്തില്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് കള്ളപ്പണം തടയുക എന്നതില്‍ നിന്ന് മാറി പണരഹിത സമ്പദ്‌വ്യവസ്ഥ എന്ന ലക്‌ഷ്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നതെന്നും ചിദംബരം ആരോപിച്ചു.
 
നോട്ട് അസാധുവാക്കല്‍ തീരുമാനം നിലവില്‍ വന്നതിനു ശേഷം രാജ്യത്താകമാനം പണം പിടിച്ചെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് നോട്ട് അസാധുവാക്കലിന്റെ പ്രയോജനങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടാക്കുകയാണ്. 
 
പുതിയ 2000 രൂപയുടെ നോട്ടുകള്‍ ഇതുവരെയായിട്ടും തനിക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ പലര്‍ക്കും എങ്ങനെയാണ് കോടിക്കണക്കിന് രൂപ മൂല്യം വരുന്ന 2000 രൂപ നോട്ടുകള്‍ ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
 
സര്‍ക്കാരിന്റെ തീരുമാനം മൂലം രാജ്യത്തെ ദിവസക്കൂലിക്കാരായ സാധാരണക്കാരായ ജനങ്ങള്‍ക്കാണ് പ്രശ്നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Next Article