പതിനെട്ട് തികയാത്തവര്‍ക്ക് പണം വച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ സാധിക്കില്ല, രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പറ്റില്ല; നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍

രേണുക വേണു

തിങ്കള്‍, 10 ഫെബ്രുവരി 2025 (09:54 IST)
പണം വച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനു നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍. പതിനെട്ട് വയസ് തികയാത്തവര്‍ക്ക് പണം വച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ നിയോഗിച്ച ഓണ്‍ലൈന്‍ ഗെയിമിങ് അതോറിറ്റി (OGA) ആണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. 
 
ഗെയിം അമിതമായി കളിക്കുന്നത് തടയുന്നതിനായി രാത്രി 12നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ഇനി ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ എല്ലാവരും വ്യക്തിഗത വിവരങ്ങള്‍ (കെ.വൈ.സി) നല്‍കണമെന്നതും കര്‍ശനമാക്കി. ആധാര്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനായി മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി നല്‍കേണ്ടിവരും. ഒരു മണിക്കൂറില്‍ അധികം ഗെയിം കളിച്ചാല്‍ ഉപഭോക്താക്കള്‍ക്കു ഇതേകുറിച്ച് പോപ്-അപ് സന്ദേശം നല്‍കണമെന്ന് ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ ആസക്തിയെക്കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളുടെ ലോഗിന്‍ പേജില്‍ പ്രദര്‍ശിപ്പിക്കണം. 'ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടേക്കാം' എന്ന സന്ദേശം പ്രാധാന്യത്തോടെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍