വണ്‍ റാങ്ക് വണ്‍ പെന്‍‌ഷന്‍; വിമുക്ത ഭടന്മാര്‍ സൈനിക മെഡലുകള്‍ തിരികെ നല്‍കുന്നു

Webdunia
ബുധന്‍, 11 നവം‌ബര്‍ 2015 (13:41 IST)
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വണ്‍ റാങ്ക് വണ്‍ പെന്‍‌ഷന്‍ പദ്ധതിയില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന്മാര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള മെഡലുകള്‍ തിരികെ നല്‍കിത്തുടങ്ങി.

നേരത്തേ പ്രഖ്യാപിച്ചിരുന്ന പദ്ധതി തന്നെ ഏതാണ്ട് പൂര്‍ണമായും വിമുക്തഭടന്മാര്‍ തള്ളിയിരുന്നു.

എന്നാല്‍, അതില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലാതെ തന്നെ കഴിഞ്ഞ ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയതാണ് വിമുക്ത ഭടന്മാരെ പ്രകോപിപ്പിച്ചത്.

ചൊവ്വാഴ്ച രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ വിമുക്തഭടന്മാര്‍ മെഡലുകള്‍ തിരിച്ചുനല്‍കിത്തുടങ്ങി. ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ വിമുക്തഭടന്മാര്‍ മെഡലുകള്‍ തിരിച്ചുനല്‍കി.

ചണ്ഡീഗഢിലെ പാഞ്ച്കുലയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മുമ്പാകെയാണ് മെഡലുകള്‍ തിരിച്ചുനല്‍കിയത്. പഞ്ചാബിലെ ജലന്ധര്‍, അമൃത്സര്‍, പട്യാല, ഹരിയാണയിലെ റോത്തക്, ഹിസ്സാര്‍, അംബാല എന്നിവിടങ്ങളില്‍ മെഡലുകള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചു.

രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്ന അവര്‍, ഈമാസം 15-ന് ഹരിയാണയിലെ അംബാലയില്‍ റാലിയും നടത്തും. ഇത്തവണ തങ്ങള്‍ക്ക് 'കറുത്ത ദീപാവലി'യാണെന്ന് വിമുക്തഭടന്മാര്‍ പറഞ്ഞു.

എന്നാല്‍, വിമുക്തഭടന്മാരുടെ നടപടി സൈനികര്‍ക്ക് ചേര്‍ന്നതല്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പ്രതികരിച്ചു. എതിര്‍പ്പുണ്ടെങ്കില്‍ ഇതുസംബന്ധിച്ച് പരിശോധിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ അറിയിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.