ഒളിമ്പിക്സിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മോഡി, സുപ്രധാന ചര്‍ച്ച ഈ മാസം

Webdunia
വെള്ളി, 3 ഏപ്രില്‍ 2015 (17:36 IST)
കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ നാണക്കേടില്‍ നില്‍ക്കുന്ന ഇന്ത്യയിലേക്ക് ലോക കായിക മാമാങ്കമായ ഒളിമ്പിക്സിനെ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നീക്കം തുടങ്ങി. മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടാല്‍ 2024ലെ ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.  ഇറ്റലിയിലെ റോം, അമേരിക്കയിലെ ബോസ്റ്റണ്‍, ജര്‍മനിയിലെ ഹംബര്‍ഗ് എന്നിവയാണ് ഇപ്പോള്‍ വേദിക്കായി സജീവമായി രംഗത്തുള്ളത്. ഇതിന് പുറമെ ഖത്തറിലെ ദോഹ, കെനിയയിലെ നെയ്‌റോബി, മൊറോക്കോയിലെ കസബ്ലാങ്ക, ഫ്രാന്‍സിലെ പാരിസ്, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവ കൂടി രംഗത്തെത്താനുള്ള സാധ്യതയുണ്ട്.

ഇവയെല്ലാം തള്ളിക്കളഞ്ഞ് ഇന്ത്യയെ വേദിയായി തെരഞ്ഞെടുക്കപ്പെടാനുള്ള ചര്‍ച്ചകള്‍ക്ക് ഈ മാസം മോഡി തുടക്കമിടും. നരേന്ദ്ര മോഡിയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ഈ മാസം ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച ഏകദേശ ധാരണയാവും.  ചര്‍ച്ചകളില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന നീക്കം തോമസ് ബാക്കിന്റെ ഭാഗത്തുനിന്നുണ്ടായാല്‍  2024ലെ വേദിക്കായി ഇന്ത്യയും അവകാശവാദമുന്നയിക്കും.

ഒളിംപക്‌സിന് വേദിയാകുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെയും മറ്റു കാര്യങ്ങളെയും കുറിച്ച് മോഡി ഇതിനൊടകം തന്നെ കായിക മന്ത്രാലയത്തോടും ബന്ധപ്പെട്ട വകുപ്പുകളോടും ചോദിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ഗുജറാത്തിലെ അഹമ്മദാബാദായിരിക്കും വേദിയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒളിമ്പിക്സ് വേദി ഒരുക്കുന്നതില്‍ തുറന്ന സമീപനമാണ് മോഡിക്കുള്ളത്. അടുത്ത ഒളിമ്പ്ക്സ് നടക്കുന്ന 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലായിരിക്കും വേദി.  2020ലെ ഒളിംപിക്‌സ് ജപ്പാനിലെ ടോക്യോയില്‍ നടക്കുന്നത്.

ഒളിമ്പിക്സ് വേദിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാകും മോഡിയും തോമസ് ബാക്കും നടത്തുക എന്നാണ് വിവരം. ഏപ്രില്‍ 27 മുതല്‍ ബാക്ക് ഇന്ത്യയിലുണ്ടാവും. ഒളിംപിക്‌സിന് വേദി അനുവദിക്കുമ്പോള്‍ 120 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യത്തെ അവഗണിക്കാനാവില്ലെന്നാണ് തോമസ് ബാക്ക് പറഞ്ഞതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. 2020ലെ ഒളിമ്പിക്സ് ജപ്പാനിലായതിനാല്‍ അടുത്തത് ഇന്ത്യയിലാകുന്നത് തടസമാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ലോകരാജ്യങ്ങളില്‍ നിന്ന് ഇതിന് എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാമെന്നാണ് വിവരം. അമേരിക്കന്‍ നഗരമായ ബോസ്റ്റണ്‍ ഒളിംപിക്‌സിനുവേണ്ടി പദ്ധതി തയ്യാറാക്കി ഏറെ മുന്നേറിക്കഴിഞ്ഞിട്ടുണ്ട്. റഷ്യയും അമേരിക്കയും ജര്‍മനിയും ഇറ്റലിയും നേരത്തെ ഒളിംപിക്‌സിന് വേദിയായ രാജ്യങ്ങളാണ്. ഇന്ത്യ ഇന്നേവരെ വേദിയായിട്ടില്ല എന്നതിനാല്‍ സാധ്യത ഏറെയുണ്ട്. 2015 ഒക്‌ടോബറിലാണ് ഒളിംപിക് വേദിക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2016 മെയോടെ ഈ അപേക്ഷകള്‍ പരിശോധിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കും. 2017 ജൂലായിലായിരിക്കും ഔദ്യോഗികമായ വേദി പ്രഖ്യാപനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.