ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തം നേരിടുന്നതിൽ കേരള സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും നരഹത്യയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ദുരന്ത നിവാരണത്തിനായി 1021 കോടി രൂപ കേന്ദ്രം നൽകിയിട്ടും അതിന്‍റെ ഒരു ശതമാനം പോലും ചെലവഴിക്കാത്ത സർക്കാർ നടപടി മാപ്പർഹിക്കാത്ത കുറ്റമാണെന്നും കുമ്മനം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നിരപരാധികളുടെ ജീവൻ വെച്ച് പന്താടിയ മുഖ്യമന്ത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നാണ് കുമ്മനം ആവശ്യപ്പെടുന്നത്.
കമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്സ്:
ദുരന്തം കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി അക്കാര്യം തുറന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയണം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ദുരന്ത നിവാരണ അതോറിറ്റി വരുത്തിയ വീഴ്ച മൂലം നിരവധി പേരുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായത്. സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന ലത്തീൻ കത്തോലിക്കാ സഭയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ഇത് അംഗീകരിക്കണം.
ദുരന്ത നിവാരണത്തിനായി 1021 കോടി രൂപ കേന്ദ്രം നൽകിയിട്ടും അതിന്‍റെ ഒരു ശതമാനം പോലും ചെലവഴിക്കാത്ത സർക്കാർ നടപടി മാപ്പർഹിക്കാത്ത കുറ്റമാണ്. ദുരന്തം നടന്ന് 6 ദിവസമായിട്ടും എത്ര പേരെ കാണാതായെന്നോ അവർ എവിടെയുണ്ടെന്നോ പറയാൻ പോലും കഴിയാത്ത അതോറിറ്റിയാണ് കേരളത്തിലുള്ളത്.
ഇത് സംസ്ഥാനത്തിന് ആകെ നാണക്കേടാണ്. കേന്ദ്രത്തിൽ നിന്ന് ഒന്നിലേറെ തവണ മുന്നറിയിപ്പ് കിട്ടിയെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും 30ആം തിയതി മാത്രമാണ് അറിയിപ്പ് കിട്ടിയതെന്ന നുണ മുഖ്യമന്ത്രി ആവർത്തിക്കുകയാണ്. മുന്നറിയിപ്പ് അവഗണിച്ച അതോറിറ്റിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിരപരാധികളുടെ ജീവൻ വെച്ച് പന്താടിയ മുഖ്യമന്ത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സ്വന്തം പാർട്ടിതന്നെ കണ്ടെത്തിയ സ്ഥിതിക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ രാജിവെക്കണം.