ഒഡീഷയില്‍ നാശം വിതയ്ക്കാന്‍ ഹുഡ് ഹുഡ് വരുന്നു!

വ്യാഴം, 9 ഒക്‌ടോബര്‍ 2014 (13:45 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം രൂപാന്തരം പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയെന്നും അത് അതിവേഗം ഒഡീഷ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സമീപ രാജ്യങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രങ്ങളായ യാംഗൂണ്‍, ബാങ്കോക്ക്, കൊളംബോ, ധാക്ക, കറാച്ചി, മാലിദ്വീപ്, മസ്ക്കറ്റ് എന്നിവിടങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഹുഡ് ഹുഡ് എന്നു പേരിട്ടിരിക്കുന്ന കാറ്റ് ശനിയാഴ്ച വൈകിട്ടോടെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പ്പൂരിനും ഇടയിലൂടെ കരയിലേക്കു കയറുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. കരയിലേക്ക് കയറിയാല്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ശനി രാത്രിയും ഞായര്‍ പുലര്‍ച്ചെയും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തോട് ചേര്‍ന്ന് കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ബുധന്‍ രാത്രിയില്‍ വിശാഖപട്ടണത്തിന് 1200 കിലോമീറ്റര്‍ തെക്കുകിഴക്കാണ് ചുഴലിയുടെ സ്ഥാനം. ചുഴലിക്കാറ്റ് എത്തുന്നതോടെ 11 ന് രാവിലെ മുതല്‍ ആന്ധ്രയുടെയും ഒഡീഷയുടെയും തീരപ്രദേശത്ത് അതിശക്തമായ മഴയും കനത്ത കാറ്റും വീശുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക