ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള ആര്‍ക്കും ഏതുരാജ്യത്തുനിന്നും ഇനി വോട്ട് ചെയ്യാം

ബുധന്‍, 7 ജനുവരി 2015 (10:00 IST)
പ്രവാസികള്‍ക്ക് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കാനായി കേന്ദ്ര സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തും. ജോലി ചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും അവസരം ഒരുക്കാനാണ് ഇത്. ബാലറ്റ് പേപ്പര്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ പ്രവാസി വോട്ടര്‍ക്കു ലഭ്യമാക്കുക, വോട്ടു രേഖപ്പെടുത്തിയശേഷം തപാല്‍മാര്‍ഗം തിരികെയെത്തിക്കുക എന്ന ഇ- തപാല്‍ രീതി ഏര്‍പ്പെടുത്താനാണ് കേന്ദെഅ സര്‍ക്കാര്‍ ആലോചിക്കുന്നത്.
 
നേരത്തെ ഇന്ത്യയില്‍ പകരക്കാരെ (പ്രോക്‌സി) ഉപയോഗിച്ചുള്ള വോട്ട് അല്ലെങ്കില്‍ ഭാഗികമായി ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാല്‍ വോട്ട് എന്നിവ അനുവദിക്കാമെന്ന് തീരുമാനമുണ്ടായിരുന്നു. എന്നാല്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തിയേക്കാമെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പിനേ തുടര്‍ന്ന് ഇ- തപാല്‍ എന്ന മാര്‍ഗ്ഗം അവലംബിക്കാമെന്നാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇ-തപാല്‍ വോട്ട് നടപ്പാക്കാനുള്ള നിയമഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കാനാണു ശ്രമം. ഇക്കാര്യം ഗാന്ധിനഗറിലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരന്ദ്ര മോഡി പ്രഖ്യാപിക്കുമെന്നാണ് സൂചന.
 
നിയമം പ്രാബല്യത്തിലയാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട ഉള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ള ആര്‍ക്കും ഏതു രാജ്യത്ത് നിന്നും വോട്ട് ചെയ്യാമെന്ന സാഹചര്യം വരും.  പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ മണ്ഡലത്തില്‍ നടപ്പാക്കിയശേഷം പോരായ്മകളുണ്ടെങ്കില്‍ പരിഹരിച്ച് എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കാമെന്നാണു ഇപ്പോള്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. പ്രവാസി വോട്ടുമായി ബന്ധപ്പെട്ട് ദുബായിലെ ഡോ വിപി ഷംഷീര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഈ മാസം 12നു പരിഗണിക്കാനിരിക്കേയാണ് കേന്ദ്രസര്‍ക്കാര്‍ വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് അന്ന് കേന്ദ്രം കോടതിയെ അറിയിക്കും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക