ഏഷ്യന്‍ ഗെയിംസില്‍ ടിന്റു ലൂക്കയുടെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തയല്ലെന്ന് പരിശീലക പി ടി ഉഷ. 800 മീറ്ററില്‍ സ്വര്‍ണം നേടാനാകാതെ പോയതില്‍ നിരാശയുണ്ടെന്ന് ടിന്റു ലൂക്കയും പറഞ്ഞു. ഇഞ്ചോണില്‍ നിന്ന് തിരികെയെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
റിലേയില്‍ സ്വര്‍ണം നേടിയെങ്കിലും പ്രധാന ഇനമായ 800 മീറ്ററില്‍ രണ്ടാം സ്ഥാനത്തായിപ്പോയതിന്റെ നിരാശ ഉഷ മറച്ചു വച്ചില്ല. കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ടിന്റുവിനാകുമായിരുന്നു. അതേസമയം, റിലേയില്‍ പാളിച്ചകളില്ലാത്ത പ്രകടനമാണ് ടിന്റു ലൂക്ക കാഴ്ച വച്ചതെന്നും ഉഷ വിലയിരുത്തി.
800 മീറ്ററില്‍ ആദ്യലാപ്പ് ഓടിയപ്പോള്‍ ചില പാളിച്ചകളുണ്ടായി. തെറ്റുകള്‍ തിരുത്തി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമെന്നും ടിന്റു ലൂക്ക വ്യക്തമാക്കി.