മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ നോക്കിയ നിര്‍മാണ പ്ളാന്റ് അടച്ചുപൂട്ടി. ഇന്നു മുതലാണ് ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക പ്ളാന്റ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. നികുതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായുള്ള തര്‍ക്കമാണ് തീരുമാനത്തിന് പിന്നില്‍.
2006ലാണ് നോക്കിയയുടെ ചെന്നൈ ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. ചെന്നൈ പ്ളാന്റില്‍ 1100 തൊഴിലാളികളാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്. മാര്‍ച്ച് വരെ 6600 സ്ഥിരം ജീവനക്കാരാണ് ചെന്നൈ പ്ളാന്റിലുണ്ടായിരുന്നത്. ഇതില്‍ അയ്യായിരത്തോളം പേര്‍ കമ്പനിയുടെ വാഗ്ദാനപ്രകാരം സ്വയം വിരമിച്ചിരുന്നു.
തൊഴിലാളികള്‍ക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായിരുന്നു. ഇതു മൂലം നേരിട്ടും അല്ലാതെയും 8,000 തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏതാണ്ട് 1800 കോടി രൂപയാണ് നോക്കിയ ചെന്നൈ പ്ളാന്റിന് വേണ്ടി മുടക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് ഫോണുകള്‍ കയറ്റി അയച്ചിരുന്നു.