കുത്തബ് മിനാറിനേക്കാൾ ഉയരം, രണ്ട് ടവറുകളിലായി 915 ഫ്ലാറ്റുകൾ, എന്തിനാണ് നോയിഡയിലെ ഇരട്ടക്കെട്ടിടങ്ങൾ തകർക്കുന്നത്?

ഞായര്‍, 28 ഓഗസ്റ്റ് 2022 (11:48 IST)
ദില്ലി: നോയിഡയിലെ സൂപ്പർടെക്ക് ഇരട്ടക്കെട്ടിടങ്ങൾ ഇന്ന് ഉച്ചയോടെ നിലംപതിക്കും. നിയന്ത്രിത സ്ഫോടനത്തിൽ കെട്ടിടം തകരുവാൻ വെറും ഒമ്പത് സെക്കൻഡുകൾ മാത്രമാണെടുക്കുക. കെട്ടിടം തകർക്കുന്നതിനായി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. രാജ്യത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ പോകുന്ന ഏറ്റവും വലിയ കെട്ടിടമാണിത്.
 
എമറാൾഡ് കോർട്ട് സൊസൈറ്റി പ്രദേശത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമാണം നടത്തിയെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ടവറിന് അനുമതി നൽകിയപ്പോൾ കെട്ടിട പ്ലാനിൽ 14 ടവറുകളും ഒമ്പത് നിലകളും കാണിച്ചു. പിന്നീട് പ്ലാൻ പരിഷ്കരിച്ചപ്പോൾ ഓരോ റ്റവറിലും  40 നിലകൾ നിർമ്മിക്കാൻ ബിൽഡർക്ക് അനുമതി നൽകുകയും ചെയ്തു. ടവറുകൾ നിർമ്മിച്ച സ്ഥലം യഥാർത്ഥ പദ്ധതി പ്രകാരം പൂന്തോട്ടമാക്കേണ്ടതായിരുന്നു.
 
ഇതിനെ തുടർന്നാണ് സൂപ്പർടെക് എമറാൾഡ് കോർട്ട് സൊസൈറ്റിയിലെ താമസക്കാർ 2012ൽ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കൂടുതൽ ഫ്ലാറ്റുകൾ വിൽക്കുന്നതിനായി സൂപ്പർ ടെക് ഗ്രൂപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചതായി ഹർജിക്കാർ വാദിച്ചു. ഇതനുസരിച്ച് 2014ൽ ഉത്തരവ് ഫയൽ ചെയ്ത തീയതി മുതൽ നാല് മാസത്തിനുള്ളിൽ (സ്വന്തം ചിലവിൽ) ടവറുകൾ പൊളിക്കണമെന്ന് കോടതി അതോറിറ്റിയോട് നിർദേശിച്ചു.
 
തുടർന്ന് കേസ് സുപ്രീം കോടതിയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ ടവറുകൾ പൊളിക്കാൻ കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചെങ്കിലും സാങ്കേതിക തകരാറുകൾ കാരണം ഒരു വർഷമെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍