കശ്മീരില്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സമിതി. പെല്ലറ്റ് തോക്കുകള്‍ ഇനി മുതല്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കൂയെന്നും വിദഗ്ദ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ചര്‍ച്ചകളുടേയും കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകളും കണക്കിലെടുത്താണ് സര്‍ക്കാറിന്റെ ഈ തീരുമാനം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കശ്മീരില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസും സിആര്‍പിഎഫും പെല്ലറ്റ് തോക്കുകളും മറ്റുമാണ് ഉപയോഗിച്ചത്.
പെല്ലറ്റ് തോക്ക് ഉപയോഗത്തെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പെല്ലറ്റ് തോക്കുകള്‍ ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പകരം എന്ത് ഉപയോഗിക്കാന്‍ കഴിയുമെന്നകാര്യം പരിഗണിക്കുമെന്ന് കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.