നിര്‍ഭയ കേസില്‍ നാല് പ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
വെള്ളി, 5 മെയ് 2017 (15:10 IST)
രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. പൈശാചികവും നിഷ്ഠൂരവുമായ കൊലപാതകമാണ് നടന്നതെന്നും സമാനതകളില്ലാത്ത ക്രൂരതയെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയാണ് ചെയ്തത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു.
അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് വിചാരണക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 2013 സെപ്റ്റംബർ 11-നാണ് കേസിലെ പ്രതികൾക്ക് ഡൽഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്.
വധശിക്ഷക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നിയമക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വധശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു.