ഡല്‍ഹിയിലെ പതിനാലു വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളെ പൊലീസ് പിടികൂടി. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനി സ്കൂളിലേക്ക് പോകുന്ന സമയത്ത് ഒരു വാഹനമെത്തി കുട്ടിയോട് അതില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ച പെണ്‍കുട്ടിയെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ബലമായി വാഹനത്തിലേക്ക് വലിച്ചു കയറ്റി വാഹനം ഓടിച്ചു പോകുകയായിരുന്നു.
വാഹനത്തിന്റെ സമീപത്തു കൂടി പോകുകയായിരുന്ന ഒരു നാട്ടുകാരന്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് എ എസ് ഐ ഓം പ്രകാശ് പറഞ്ഞു. തുടര്‍ന്ന്‍, മുണ്ട്‌ക പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ വാഹനത്തെ പിന്തുടരുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
രാഹുല്‍ (19), സൂരജ് (19), സന്ദീപ് (21), രമേശ് (27), നരേന്ദര്‍ എന്ന ചഞ്ചല്‍ (20) അമന്‍ (23) എന്നിവരാണ് പിടിയിലായത്. സന്ദീപ് ആയിരുന്നു വാഹത്തിന്റെ ഡ്രൈവര്‍. വിദ്യാര്‍ത്ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വൈദ്യപരിശോധനയില്‍ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്.