കിവികൾ തിരിച്ചടിച്ചു; ടീം ഇന്ത്യ പൊരുതി തോറ്റു

വെള്ളി, 21 ഒക്‌ടോബര്‍ 2016 (09:55 IST)
ഒടുവിൽ കിവികൾ തിരിച്ചടിച്ചു. ഏകദിന പരമ്പരയിലെ രണ്ടാം മത്സരം അവസാന റൗണ്ടിലേക്ക് എത്തിയപ്പോൾ കാണികൾ ആകാംഷാഭരിതരായിരുന്നു. ഇരുടീമും ശ്വാസമടക്കിപിടിച്ചാണ് കളിച്ചത് എന്ന് വ്യക്തം. അവസാന ഓവർ വരെ നീണ്ടപ്പോൾ കിവീസിന് ജയം സ്വന്തമായി ആറ് റൺസിന്. 243 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.3 ഓവറില്‍ 236 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
 
പര്യടനത്തിൽ ആദ്യമായി ഫോമിലേക്കുയർന്ന് സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് (118) മാൻ ഓഫ് ദ് മാച്ച്. കേദാർ യാദവ്(41), അക്ഷർ പട്ടേൽ(17), ഹാർദിക് പാണ്ഡ്യ(36), ഉമേഷ് യാദവ്(18) എന്നിവർ പൊരുതിയെങ്കിലും ഇന്ത്യയ്ക്ക് ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. ധോണി ഒന്നര മണിക്കൂറോളം ക്രീസിൽ നിന്ന് ഇന്ത്യയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും 65 പന്തിൽ നേടിയത് 39 റൺസ് മാത്രം. ധോണി പുറത്തായതോടെ പ്രതീക്ഷകൾ അവസാനിച്ചു.
 
ധോണിക്ക് പിന്നാലെ ക്രീസിലിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് മല്‍സരം അവസാന ഓവര്‍ വരെ എത്തിച്ചത്. ഹാർദികിൽ ഇന്ത്യ പ്രതീക്ഷയർപ്പിച്ചു. എന്നാൽ, വസാന ഓവറില്‍ 10 റണ്‍സ് വേണ്ടപ്പോള്‍ വമ്പനടിക്കു ശ്രമിച്ചു പാണ്ഡ്യ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. പാണ്ഡ്യെ പുറത്തായതോടെ തോല്‍വി അനിവാര്യമാവുകയായിരുന്നു. മുൻനിര താരങ്ങൾ ബാറ്റിങ്ങിൽ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായത്.

വെബ്ദുനിയ വായിക്കുക