യോഗദിനാചരണത്തില്‍ പങ്കെടുക്കുന്നവര്‍ ഓംകാരവും വേദമന്ത്രങ്ങളും ഉരുവിടണമെന്ന ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശം വിവാദമാകുന്നു. കോമണ്‍ യോഗ പ്രോട്ടോക്കോള്‍ എന്ന പേരില്‍ ആയുഷ് മന്ത്രാലയം സ്‌കൂളുകളും കോളജുകളും അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് വിവാദ നിര്‍ദേശം.
ജൂണ്‍ 21ന് നടക്കുന്ന യോഗ ദിനാചരണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. വിദ്യാലയങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സര്‍ക്കുലര്‍ അയച്ചു. യോഗ അവതരണത്തില്‍ പങ്കെടുക്കുന്നവര്‍ വേദമന്ത്രങ്ങളും ഓംകാരവും ഉരുവിടണമെന്നും ഋഗ്വേദത്തില്‍ നിന്നുള്ള മന്ത്രങ്ങളെല്ലാം അവതരണത്തിനിടെ ചൊല്ലണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
നമസ്‌കാരമുദ്രയോടെയാണ് അവതരണം തുടങ്ങേണ്ടത്. കോളജുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പങ്കെടുപ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ ബഹുസ്വരതയെ ചോദ്യംചെയ്യുന്നതാണ് ഈ സര്‍ക്കുലറെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ഈ നിര്‍ദേശം രാജ്യത്തെ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് മത നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ചത്.
എന്നാല്‍ സര്‍ക്കുലര്‍ വന്‍ വിവാദമായതോടെ താല്‍പര്യമുള്ള ആളുകള്‍ മാത്രം മന്ത്രങ്ങള്‍ ഉരുവിട്ടാല്‍ മതിയെന്ന വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. സമാനമായ വിവാദങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ യോഗദിനവും ശ്രദ്ധേയമായിരുന്നു. ചണ്ഡിഗഢിലാണ് ഈ വര്‍ഷത്തെ പ്രധാന അവതരണം നടക്കുന്നത്.