മംഗള്‍യാന്‍ വിജയത്തിനു ശേഷം സുപ്രധാനമായൊരു ചുവടുകൂടി ഐഎസ്‌ആര്‍ഒ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. സ്വന്താമായൊരു നാവിഗേഷന്‍ സംവിധാനമാണ് ഇന്ത്യ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗനായുള്ള ഉപഗ്രഹ വിക്ഷേപണത്തിന് ഐഎസ്‌ആര്‍ഒ തയ്യാറെടുത്തുകഴിഞ്ഞു.
ഇന്ത്യന്‍ ഉപഭൂഖണ്ട മേഖലകള്‍ മുഴുവനും പരിധിയില്‍ വരുന്ന ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ് )പരമ്പരയിലെ മൂന്നാമത്തേ ഉപഗ്രഹവുമായി പിഎസ്എല്‍വി സി-26 റോക്കറ്റ് ഒക്ടോബര്‍ 10-ന് വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ തുടങ്ങി. പുലര്‍ച്ചേ 1.56 ന് വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒ തീരുമാനിച്ചിരിക്കുന്നത്.
2015 ല്‍ ഐആര്‍എന്‍എസ്എസ് പ്രവര്‍ത്തനക്ഷമമാവുന്നതോടെ ദിശ നിര്‍ണയ പ്രക്രിയയ്ക്ക് അമേരിക്കയുടെ ഗ്‌ളോബല്‍ പൊസിഷനിങ് സംവിധാനം, റഷ്യയുടെ ഗ്‌ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം എന്നിവയേ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യക്കാകും. 10 വിക്ഷേപിക്കുന്ന സാറ്റലൈറ്റിന് ഐആര്‍എന്‍എസ്എസ് 1 സി എന്നാണ് പേര്.
1425.4 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് പരമ്പരയിലെ ഏഴ് ഉപഗ്രഹങ്ങളില്‍ മൂന്നാമത്തേതാണ് 1-സി. ഭൗമ, വ്യോമ, സമുദ്രയാത്രകളില്‍ ദിശ നിര്‍ണയിക്കുന്നതില്‍ പരമപ്രധാനപങ്കു വഹിക്കാന്‍ കഴിയുന്ന ഉപഗ്രഹമാണിത്. ആദ്യ ഉപഗ്രഹമായ 1-എ കഴിഞ്ഞവര്‍ഷം ജൂലായിലും രണ്ടാമത്തെ 1-ബി ഇക്കഴിഞ്ഞ ഏപ്രിലിലും ഭ്രമണ പഥത്തിലെത്തിച്ചിരുന്നു.
നിരത്തിലോടുന്ന വാഹനങ്ങള്‍, യുദ്ധ ടാങ്കുകള്‍, കപ്പലുകള്‍, അന്തര്‍ വാഹിനികള്‍, മിസൈലുകള്‍ എന്നിവയ്‌ക്കൊക്കെ ദിശ കൃത്യമായറിഞ്ഞ് മുന്നോട്ടുപോവാന്‍ ഐആര്‍എന്‍എസ്എസ് സഹായിക്കും. യൂറോപ്യന്‍ യൂണിയനും ചൈനയ്ക്കും ജപ്പാനും സമാന സംവിധാനമുണ്ട്.