‘കണ്ണ് തുറന്നു, സ്‌റ്റാലിനുമായി സംസാരിച്ചു’; കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി - രാഹുല്‍ ആശുപത്രിയിലെത്തി
ചൊവ്വ, 31 ജൂലൈ 2018 (18:51 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കണ്ണ് തുറന്ന അദ്ദേഹം മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്‌റ്റാലിനുമായി സംസാരിച്ചു. തിങ്കളാഴ്‌ച വൈകിട്ട് ആരോഗ്യനില കൂടുതല്‍ മോശമായെങ്കിലും ഇന്ന് മെച്ചപ്പെട്ടു.
അണുബാധയും രക്തസമ്മർദ്ദവുമാണ് ഐസിയുവില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില വഷളാക്കുന്നത്.
രക്തസമ്മർദ്ദം മരുന്നുകളുടെ സഹായത്തോടെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെങ്കിലും അണുബാധ നിയന്ത്രിക്കാനാകാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചില സമയങ്ങളില്‍ ആരോഗ്യനില തീര്‍ത്തും മോശമാകുന്നത് മെഡിക്കല്‍ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു.
ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റ് ഞായറാഴ്ച രാത്രിക്കാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയത്. ഇതിനുശേഷം കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വരും മണിക്കൂറില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചിരുന്നു.
കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ എംകെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. പനിയും അണുബാധയും കുറഞ്ഞു വരുന്നുണ്ട്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധി കരുണാനിധിയെ സന്ദര്‍ശിച്ചതിനു പിന്നാലെ ഇതു സംബന്ധിച്ച ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം. ആശുപത്രിക്ക് മുൻപിലേക്ക് ഇപ്പോഴും നിരവധി പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്.