എല്ലാവരും ബഹിഷ്കരിക്കുമ്പോള്‍ യേശുദാസും ജയരാജും അവാര്‍ഡ് സ്വീകരിച്ചത് ശരിയോ?

അമല്‍ ജെയിംസ്
വ്യാഴം, 3 മെയ് 2018 (20:18 IST)
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇത്തവണ ശ്രദ്ധേയമായത് കടുത്ത പ്രതിഷേധത്താലും ബഹിഷ്കരണത്താലുമാണ്. മലയാളത്തില്‍ നിന്നുള്ള പുരസ്കാര ജേതാക്കള്‍ ഉള്‍പ്പടെ 68 പേരാണ് പുരസ്കാര വിതരണം ബഹിഷ്കരിച്ചത്. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.
 
ഫഹദ് ഫാസില്‍, പാര്‍വതി ഉള്‍പ്പടെയുള്ള മലയാളികള്‍ ചടങ്ങ് ബഹിഷ്കരിച്ചപ്പോള്‍ യേശുദാസും ജയരാജും അവാര്‍ഡ് സ്വീകരിച്ചത് ശ്രദ്ധേയമായി. മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് നേടിയ യേശുദാസും മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ജയരാജും രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
 
11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് വിതരണം ചെയ്തത്. യേശുദാസും ജയരാജും ഈ പതിനൊന്ന് പേരില്‍ ഉള്‍പ്പെട്ടിരുന്നു. മലയാളത്തില്‍ നിന്ന് ഇവര്‍ മാത്രമാണ് രാഷ്ട്രപതിയില്‍ നിന്ന് നേരിട്ട് അവാര്‍ഡ് വാങ്ങാനുള്ള 11 പേരില്‍ ഉള്‍പ്പെട്ടത്. പ്രതിഷേധിച്ചുകൊണ്ട് പുരസ്കാരജേതാക്കള്‍ എഴുതിയ കത്തില്‍ ഒപ്പിട്ട ശേഷമാണ് ജയരാജും യേശുദാസും അവാര്‍ഡ് കൈപ്പറ്റിയത്.
 
എന്നാല്‍ ഭൂരിപക്ഷം പുരസ്കാര ജേതാക്കളും അവാര്‍ഡ് വിതരണം ബഹിഷ്കരിച്ചപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാതെ യേശുദാസും ജയരാജും അവാര്‍ഡ് സ്വീകരിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കലാകാരന്‍‌മാരെ അവഹേളിച്ച നടപടിക്കെതിരായ പ്രതിഷേധത്തില്‍ മലയാളത്തിന്‍റെ ഗന്ധര്‍വ്വഗായകനും സംവിധായക പ്രതിഭയും കൂട്ടുചേരണമായിരുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
 
എന്നാല്‍ രാഷ്ട്രപതി അവാര്‍ഡ് നല്‍കാത്തതില്‍ നടന്ന പ്രതിഷേധത്തില്‍ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ട യേശുദാസും ജയരാജും പങ്കുചേരേണ്ടതില്ലെന്നാണ് ഇതിനെതിരെ ഉയരുന്ന വാദം. മാത്രമല്ല, പ്രതിഷേധക്കാര്‍ക്ക് പിന്തുണയറിയിച്ച് അവര്‍ തയ്യാറാക്കിയ കത്തില്‍ യേശുദാസും ജയരാജും ഒപ്പുവച്ചതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article