നോട്ട് നിരോധനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം; ‘ജന്‍ ആക്രോശ് ദിവസു’മായി കോണ്‍ഗ്രസ്; സോണിയ ഗാന്ധിയെ ലാലു പ്രസാദ് യാദവ് വിളിച്ചു; ദേശീയരാഷ്‌ട്രീയത്തില്‍ കൂട്ടുകെട്ടുകള്‍ മാറിമറിയുന്നു

തിങ്കള്‍, 28 നവം‌ബര്‍ 2016 (12:58 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ സി പി എം ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താല്‍ എന്ന് പേരു മാറ്റി കേരളത്തിലും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ബന്ദ് പുരോഗമിക്കുകയാണ്.
 
അതേസമയം, നോട്ട് നിരോധനം മൂലം ജനം കഷ്‌ടപ്പെടുന്ന സാഹചര്യത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്നാണ് മറ്റ് പ്രതിപക്ഷപാര്‍ട്ടികളുടെ നിലപാട്. അതുകൊണ്ടു തന്നെ, സി പി എം പ്രഖ്യാപിച്ച ഹര്‍ത്താലിന് മറ്റ് ഒരു പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണയില്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നോട്ട് അസാധുവാക്കലിന് എതിരെയാണെങ്കിലും ഇന്നത്തെ ബന്ദിന് അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
 
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ട് നിരോധനത്തിനെതിരെയുള്ള പ്രതിഷേധ ദിവസമായി ഇന്ന് ആചരിക്കുകയാണ്. ‘ജന്‍ ആക്രോശ് ദിവസ്’ എന്നാണ് കോണ്‍ഗ്രസ് പ്രതിഷേധദിവസത്തിന് പേര് നല്കിയിരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, ആം ആദ്‌മി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും നോട്ട് അസാധുവാക്കലിനെതിരെ ഇന്ന് പ്രതിഷേധിക്കുകയാണ്.
 
അതേസമയം, ബന്ദിന് ആഹ്വാനം ചെയ്ത പ്രതിപക്ഷപാര്‍ട്ടികളുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷായും വിമര്‍ശിച്ചു. പ്രധാനമന്ത്രി എന്തു പറഞ്ഞാലും എതിര്‍ക്കുന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികളുടെതെന്ന് അമിത് ഷാ പറഞ്ഞു. ‘ഇന്ന് തിങ്കളാഴ്ച ആണെന്ന് മോഡി പറഞ്ഞാല്‍, അല്ല, ഇന്ന് ചൊവ്വാഴ്ചയാണ്’ എന്ന് പറയുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
അതേസമയം, രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആണ് ആഹ്വാനം ചെയ്തതെന്നും ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, നോട്ട് അസാധുവാക്കല്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മാത്രമാണ്. ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കും ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതിഷ് കുമാറും പ്രധാനമന്ത്രിയുടെ തീരുമാനത്തിനെ പിന്തുണയ്ക്കുന്നവരാണ്. ഇതിനിടെ, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ഞായറാഴ്ച ഫോണില്‍ വിളിച്ചു. 
 
ബിഹാറില്‍, നിലവില്‍ ജെ ഡി യു - ആര്‍ ജെ ഡി സഖ്യമാണ് ഭരിക്കുന്നത്. ഇതിനിടയിലാണ് നോട്ട് വിഷയത്തില്‍ രണ്ട് അഭിപ്രായം മുന്നണിയില്‍ ഉയര്‍ന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക