പാക്ക് അധിനിവേശ കശ്മീരിൽനിന്നുള്ള അഭയാർഥികൾക്ക് 2000 കോടി

ഞായര്‍, 28 ഓഗസ്റ്റ് 2016 (16:45 IST)
കശ്മീരില്‍ സംഘര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കെ പാക് അധീന കശ്മീരില്‍ നിന്നുള്ളവര്‍ക്കായി സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. 2,000 കോടി രൂപയുടെ പാക്കേജാണ് സർക്കാർ തയാറാക്കുന്നത്. പാക്ക് അധീന കശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രദേശങ്ങളിൽനിന്നും അഭയാർഥികളായി കശ്മീരിൽ എത്തിയവർക്കാണ് പാക്കേജിന്റെ ഗുണം ലഭിക്കുക. ഒരു കുടുംബത്തിന് 5.5 ലക്ഷം രൂപയാണ് പാക്കേജ് പ്രകാരം ലഭിക്കുക. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ പാക്കേജിന്റെ ഗുണഫലം ലഭിക്കേണ്ട 36,348 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയ്ക്ക് കേന്ദ്രമന്ത്രി സഭ ഉടന്‍ അനുമതി നല്‍കും.
 
കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി പാക്കേജ് ഉടൻ സമർപ്പിക്കും. സർക്കാരിൽ നിന്നു അനുമതി ലഭിച്ചാൽ അർഹരായവർക്ക് ഉടൻ തന്നെ പണം വിതരണം ചെയ്യുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കേന്ദ്ര സേനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും പോലെ അഭയാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാന്‍ ആരംഭിച്ചിരിക്കുകയാണ്.
 
ജമ്മു, കതുവ, രജൗരി എന്നീ ജില്ലകളിലാണ് പാക്ക് അധീന കശ്മീരിൽനിന്നുള്ള അഭയാർഥികളിൽ കൂടുതലുമുള്ളത്. ഇവർ ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാരല്ല. 1947 ലെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനസമയത്തും 1965 ലെയും 1971 ലെയും ഇന്ത്യ-പാക്ക് യുദ്ധസമയത്തും അഭയാർഥികളായി എത്തിയവരാണിവർ. ഇവർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവകാശമുണ്ട്. എന്നാൽ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവകാശമില്ല. 
 

വെബ്ദുനിയ വായിക്കുക