ഉറി ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി മിന്നലാക്രമണമായിരുന്നു. പാക് അധിനിവേശ കശ്മീരിൽ കടന്ന് ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക് നടത്തിയ സംഭവത്തിൽ രാജ്യം ചെറിയ ദീപാവലി ആഘോഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിന്നലാക്രമണം നടത്തിയതിന്റെ സന്തോഷം വാരണാസിയിലെ ജനങ്ങൾ ചെറിയ ദീപാവലിയായിട്ടാണ് ആഘോഷിച്ചതെന്നും എത് രാജ്യത്തെ ജനങ്ങൾ ടിവിയിലൂടെ കണ്ടുവെന്നും മോദി വ്യക്തമാക്കി. വാരണാസിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു അക്രമണം ഉണ്ടാകുമ്പോൾ മാത്രമല്ല, അതിർത്തിയിൽ വെടിയുണ്ടകളുടേയും ഷെല്ലുകളുടേയും ശബ്ദമില്ലാത്തപ്പോഴും നമ്മുടെ സൈനികരെ കുറിച്ച് ഓർക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സൈനികരുടെ ശൗര്യത്തിനു ജനം നല്‍കിയ സ്വീകരണത്തിന് നിങ്ങളുടെ എംപിയെന്ന നിലയില്‍ അഭിമാനമുണ്ടെന്നും മോദി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം സജീവമായി നിലനിര്‍ത്തുകയാണ് പ്രധാനമന്ത്രി.
അതോടൊപ്പം, അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തിന് അയവ് വരുത്താൻ സൈനികർക്ക് കത്തുകൾ അയക്കാൻ പ്രധാനമന്ത്രി സൗകര്യമൊരുക്കിയിരുന്നു. സന്ദേശ് ടു സോള്‍ജിയേഴ്സ് എന്ന വീഡിയോ ക്യാമ്പയിനിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇതിനായി നരേന്ദ്രമോദി ആപ്പ്, mygov.in, ആകാശവാണി എന്നീ മാധ്യമങ്ങള്‍ ഉപയോഗിക്കാമെന്നും മോദി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. നരേന്ദ്രമോദി ആപ്പിലൂടെ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകളും ആശംസകളും പോസ്റ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ടായിരിക്കും.