വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി: നരേന്ദ്ര മോഡി

Webdunia
ശനി, 14 നവം‌ബര്‍ 2015 (11:13 IST)
ഇന്ത്യയുടെ ശക്തി വൈവിധ്യ മാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയുടെ ശക്തി അതിന്‍റെ ജനവിഭവമാണ്, ഇന്ത്യന്‍ യുവാക്കളുടെ മുന്നേറ്റം ഇനി തടയുവാന്‍ സാധിക്കില്ല. ഇന്ന് ലോകത്ത് ഇന്ത്യ എന്നത് അഭിമാനം കൊള്ളാവുന്ന ഒരു സ്ഥലമാണ്. ഇത് ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കുമെന്നും ലണ്ടന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി പറഞ്ഞു. വെംബ്ലിയില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്ന് ഭീകരവാദം, രണ്ട് ആഗോളതാപനവുമാണ്. ഇവരെ നേരിടാന്‍ ഇന്ത്യക്ക് കഴിയും. ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്ക് കഴിയും. വൈദ്യുതി എത്താത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എത്രയും വേഗം വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. പ്രവാസികളുടെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് പ്രശ്നത്തില്‍ പരിഹാരം കാണുമെന്നും മോഡി പറഞ്ഞു.

മോഡിക്കായി ഇന്ത്യന്‍ സമൂഹം ഒരുക്കിയ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍ മോഡിയെ പുകഴ്‌ത്തുകയും ചെയ്‌തു. ചായ വില്‍പ്പനക്കാരന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണം നിയന്ത്രിക്കാനാവില്ലെന്നു പലരും പറഞ്ഞു. എന്നാൽ മോഡി അത് തിരുത്തിയിരിക്കുകയാണ്. അദ്ദേഹം വാഗ്ദാനം ചെയ്‌ത അച്ഛേ ദിന്‍ എത്രയും വേഗം വരും. യു.എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകേണ്ടതുണ്ട്. ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്താൻ ഉടൻതന്നെ സാദ്ധ്യതയുയുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമൂഹം മോഡിക്കായി ഒരുക്കിയ ചടങ്ങില്‍ കാമറൂൺതന്നെ സ്വയം ചടങ്ങിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുകയായിരുന്നു. ഇതാദ്യമായാണ് മോഡിക്കായി ഇന്ത്യൻ സമൂഹം ഒരുക്കുന്ന ചടങ്ങില്‍ ഒരു രാഷ്ട്ര നേതാവ് പങ്കെടുക്കുന്നത്.