ഒരു രാജ്യം മുഴുവൻ പ്രധാനമന്ത്രിയെ തെറി വിളിക്കുന്നു, കേട്ടാൽ ബോധം കെട്ട് വീഴും; തുഗ്ല്ക്കിന് വേണമെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാമെന്ന് സ്വരാജ്

Webdunia
വെള്ളി, 18 നവം‌ബര്‍ 2016 (10:26 IST)
വേണ്ട മുൻകരുതലുകൾ ഒന്നും ഇല്ലാതെ രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ അസാധുവാക്കിയതോടെ ഒരു രാജ്യം മുഴുവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെറിവിളിക്കുകയാണെന്ന് എം സ്വരാജ് എം എൽ എ. ആബാലവൃദ്ധം ജനങ്ങൾ , ആണും പെണ്ണും ഒരുപോലെ ബഹു പ്രധാനമന്ത്രിയെ അസംസ്കൃത പദാവലിയാൽ അഭിഷേകം ചെയ്യുകയാണ്. പല ഭാഷയിലുള്ള തെറികൾ ഇന്ത്യയിലിന്ന് ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ഗുജറാത്തി വീട്ടമ്മയുടെ പ്രതികരണം നവ മാധ്യമങ്ങളിൽ കണ്ടു. അത് കേട്ടാൽ ഹിന്ദി അറിയുന്നവർ ബോധം കെട്ടു വീഴുമെന്നും സ്വരാജ് പറയുന്നു.
 
എം സ്വരാജിന്റെ വാക്കുകളിലൂടെ:
 
ഒരു രാഷ്ട്രം പ്രധാനമന്ത്രിയെ തെറി വിളിക്കുമ്പോൾ .....
 
രാജ്യമൊന്നടങ്കം പ്രധാനമന്ത്രിയെ തെറി വിളിക്കുന്നതിനാണ് പോയ വാരം നാം സാക്ഷ്യം വഹിച്ചത്. ആബാലവൃദ്ധം ജനങ്ങൾ, ആണും പെണ്ണും ഒരുപോലെ ബഹു. പ്രധാനമന്ത്രിയെ അസംസ്കൃത പദാവലിയാൽ അഭിഷേകം ചെയ്യുകയാണ്. പല ഭാഷയിലുള്ള തെറികൾ ഇന്ത്യയിലിന്ന് ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ഗുജറാത്തി വീട്ടമ്മയുടെ പ്രതികരണം നവ മാധ്യമങ്ങളിൽ കണ്ടു. അത് കേട്ടാൽ ഹിന്ദി അറിയുന്നവർ ബോധം കെട്ടു വീഴും... 
 
പ്രധാനമന്ത്രിയുടെ പിതാവിനെയും പിതാമഹനെയുമൊക്കെ സാധാരണക്കാർ പച്ച മലയാളത്തിൽ കുളിപ്പിച്ചു കിടത്തുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ഒന്നിലധികം തവണ സാക്ഷിയായി. പക്ഷെ അതിനോടൊന്നും എനിക്ക് യോജിപ്പില്ല. മകൻ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ചതിന് പിതാവും അപ്പൂപ്പനുമൊക്കെ എന്തു പിഴച്ചു?. അതുകൊണ്ട് തെറി വിളികളെല്ലാം സമ്പൂർണമായും അർഹിക്കുന്നത് ബഹു. പ്രധാനമന്ത്രി മാത്രമാണെന്നും അദ്ദേഹത്തിന്റെ പരമാബദ്ധങ്ങളുടെ പേരിൽ ദാമോദർദാസ് മൂൽചന്ദ് മോഡി മുതൽ പുറകോട്ടുള്ള തലമുറകളെ ദയവായി ആക്ഷേപിക്കരുതെന്നും ഞാൻ വിനയപൂർവ്വം എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
 
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിൻവലിച്ചാൽ കണ്ണപ്പണവും കള്ളനോട്ടും അവസാനിക്കുമെന്ന് ഫലിത പ്രബന്ധം രചിക്കുന്ന സംഘ പരിവാർ വൈകൃതങ്ങൾക്ക് ചരിത്രമറിയില്ലെന്ന് ഉറപ്പ്. പണ്ടു പണ്ട്... അതായത് നരേന്ദ്ര ദാമോദർദാസ് മോദി എന്ന ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജനിക്കുന്നതിന് 4 വർഷം മുമ്പ്. അന്നാണ് ഇന്ത്യയിൽ പതിനായിരം രൂപയുടെ നോട്ട് പിൻവലിച്ചത്. അത് എന്തിനായിരുന്നുവെന്ന് ഇക്കൂട്ടർ അന്വേഷിക്കണം. ബ്രിട്ടീഷ് - ഇന്ത്യയിൽ അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതും "കള്ളപ്പണം" ഇല്ലാതാക്കാനായിരുന്നു. വലിയ നോട്ട് പിൻവലിച്ചാൽ കള്ളപ്പണം ഇല്ലാതാവുമെങ്കിൽ അന്ന് ഇന്ത്യയിലെ കള്ളപ്പണം എന്നേക്കുമായി ഇല്ലാതാവേണ്ടതല്ലേ? 
 
പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ 1978ൽ വീണ്ടും വലിയ കറൻസി പിൻവലിക്കപ്പെട്ടു. കള്ളപ്പണം ഇല്ലാതായോ? പതിനായിരത്തിന്റെയും, അയ്യായിരത്തിന്റെയും ഒക്കെ നോട്ടുണ്ടായിരുന്ന നമ്മുടെ രാജ്യത്ത് അതൊക്കെ പിൻവലിച്ച് കള്ളപ്പണം ഇല്ലാതാക്കാൻ ശ്രമിച്ചിട്ട് നടന്നിട്ടില്ല. എന്നിട്ടാണ് ആയിരവും അഞ്ഞൂറും പിൻവലിച്ച് കള്ളപ്പണം ഇല്ലാതാക്കാൻ ഇപ്പോൾ ഒരാൾ ഇറങ്ങിയിരിക്കുന്നത് ....! 
 
ചരിത്രത്തിൽ പലവട്ടം തോറ്റ കളിയാണ് പ്രധാനമന്ത്രി ഇവിടെ വീണ്ടും കളിക്കുന്നത്. നിശ്ചിത കാലയളവിനുള്ളിൽ അച്ചടിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ പിൻവലിക്കുന്നതിനെക്കുറിച്ച് രണ്ടു വർഷം മുമ്പ്UPA ഗവൺമെന്റ് ആലോചിച്ചപ്പോൾ എതിർപ്പുമായി ചാടി വീണവരാണ് ബി ജെ പി.
 
ഇന്ത്യയിലെ 65 % പേർക്കും ബാങ്ക് അക്കൗണ്ട് ഇല്ലെന്നും അവരെല്ലാം സമ്പാദ്യം കറൻസിയായി കയ്യിൽ സൂക്ഷിക്കുന്നവരാണെന്നും വലിയ കറൻസികൾ പിൻവലിച്ചാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും അത് ദുരിതം സമ്മാനിക്കുമെന്നും അലമുറയിട്ട ബി ജെ പി നേതാക്കൻമാർ അന്ന് പറഞ്ഞതെല്ലാം ഇപ്പോൾ വിഴുങ്ങുന്നത് കാണാൻ നല്ല രസമുണ്ട്. ഒരു പക്ഷെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടില്ലാത്ത 65 % ജനങ്ങൾക്കും ബി ജെ പി ബാങ്ക് അക്കൗണ്ട് എടുത്ത് കൊടുത്തുവോ എന്ന് എനിക്കറിയില്ല. നോട്ട് നിരോധനത്തെ പിന്തുണച്ച് വിയർക്കുന്ന മാന്യന്മാർ ഇതിന് മറുപടി പറയട്ടെ.
 
വ്യാജ കറൻസി ഇതോടെ അവസാനിക്കുമെന്ന് വാദിക്കുന്നവരുണ്ട്. പുതിയ കറൻസിയിലുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ചൊക്കെയുള്ള പരിവാർ അപസർപ്പക കഥകൾ കേട്ട് കണ്ണു തള്ളിയവരുണ്ട്. പുതിയ രണ്ടായിരം രൂപയുടെ കറൻസി നോട്ട് ഇന്നാണ് എന്റെ കയ്യിൽ കിട്ടിയത്. ഈ നോട്ടിനെ കുറിച്ചൊക്കെ കഥയെഴുതിയവനെ ബി ജെ പിയുടെ ദേശീയ നേതാവാക്കണം...! ലോട്ടറി ടിക്കറ്റുപോലെ ഒരു തല്ലിപ്പൊളി നോട്ട്. പഴയ ലെറ്റർ പ്രസിൽ പോലും വ്യാജനടിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകാനിടയില്ല. ഇതിനകം തന്നെ കർണാടകയിൽ രണ്ടായിരുത്തിന്റെ വ്യാജ കറൻസിയിറങ്ങി എന്ന വാർത്ത കൂടി ചേർത്ത് വായിക്കുക . കള്ളനോട്ടടി സംഘങ്ങൾ പ്രധാന മന്ത്രിക്ക് ഒരു സ്വീകരണം നൽകാനിടയുണ്ട്. കടലാസിലും അച്ചടിയാലും ഇത്ര നിലവാരം കുറഞ്ഞ മറ്റൊരു നോട്ട് ഇന്ത്യയിലുണ്ടാവില്ല. ഇത് കള്ള നോട്ട് അച്ചടിക്കുന്നവരെ സഹായിക്കാനാണോ എന്നു പോലും സംശയിക്കണം.
 
ഒരു ദിവസം നാലായിരം രൂപ മാത്രമേ മാറിക്കിട്ടൂ എന്ന സർക്കാർ പ്രഖ്യാപനം ഇപ്പോൾ രണ്ടായിരമായി ചുരുക്കി. ബാങ്കുകൾക്ക് മുന്നിലെ ക്യൂവിന്റെ നീളം ഇനിയും കൂടുമെന്നർത്ഥം . പ്രധാനമന്ത്രിയുടെ നോട്ടു നിരോധന പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്ത ബി ജെ പി നേതാവിന്റെ പോസ്റ്റ് ജനങ്ങൾക്ക് മുന്നിലുണ്ട്. ബി ജെ പി ഓഫീസുകളിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച കോടികളുടെ കറൻസി കൽക്കട്ടയിലുൾപ്പെടെ പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തലേന്നാൾ ബാങ്കിൽ നിക്ഷേപിക്കപ്പെട്ട സംഭവവും ഇപ്പോൾ പരസ്യമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ഇപ്പോഴത്തെ സംഭവങ്ങൾ ഇന്ത്യയിലെ സാധാരണക്കാരെ മാത്രമാണ് ദുരിതത്തിലാഴ്ത്തിയതെന്നാണ്.
 
എല്ലാ പരിഷ്കാരങ്ങളും ഇരകളാക്കുന്നത് പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണ്. എല്ലായ്പോഴും സമ്പന്നരും വൻകിടക്കാരും സുരക്ഷിതരുമാണ്. കള്ളപ്പണത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നവർ സ്വിസ് ബാങ്കിലും മൗറീഷ്യസിലും നിക്ഷേപിക്കപ്പെട്ട കോടികളെ കുറിച്ച് ഇപ്പോഴൊന്നും മിണ്ടുന്നില്ല. ഇന്ത്യയിൽ സ്വർണത്തിലും ഭൂമിയിലുമുള്ള വൻ കള്ളപ്പണ നിക്ഷേപങ്ങൾക്കും നോട്ടു നിരോധിച്ചതുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല. വിദേശത്തെ കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കുമായി വീതിച്ചു നൽകുമെന്ന് വീമ്പു പറഞ്ഞവർ അന്നു പ്രഖ്യാപിച്ച ആ 15 ലക്ഷം എന്ന് വിതരണം ചെയ്യുമെന്നു കൂടി പറയണം.
 
മോദി അധികാരത്തിൽ വന്നശേഷം അംബാനി മൗറീഷ്യസിലേക്ക് കടത്തിയ അയ്യായിരം കോടിയുടെ കള്ളപ്പണം സംബന്ധിച്ച കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു കൂടി ഓർക്കുന്നത് നല്ലതാണ്. അംബാനിയുടെ കള്ളപ്പണ സാമ്രാജ്യത്തിന് കാവൽ നിൽക്കുന്നവരുടെ ജൽപനങ്ങൾക്ക് പുല്ലിന്റെ വിലയില്ല. നിയമാനുസൃതം ബാങ്കുകളിൽ പണം നിക്ഷേപിച്ചിട്ടുള്ള കർഷകർക്കും ജീവനക്കാർക്കും തൊഴിലാളികൾക്കും കച്ചവടക്കാർക്കുമൊക്കെ തങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് എന്തുണ്ട് ന്യായം?.
 
നികുതിയടക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനാവാത്ത സാമ്പത്തിക അടിയന്തിരാവസ്ഥ കൊണ്ട് എങ്ങനെയാണ് കള്ളപ്പണം ഇല്ലാതാവുക? ഇവിടെയാണ് ഒരു വിഢി പ്രധാനമന്ത്രി ആയാലുള്ള ദുരന്തം മറനീക്കുന്നത്. നികുതിയടക്കുന്നവർക്കു പോലും പണമെടുക്കാനാവാത്തത് വിതരണം ചെയ്യാൻ ആവശ്യത്തിന് കറൻസിയില്ല എന്നതുകൊണ്ടാണ്. ആവശ്യാനുസരണം കറൻസികൾ അച്ചടിച്ച ശേഷം മതിയായിരുന്നില്ലേ പരിഷ്കാരം എന്നാരും ചോദിക്കരുത്. ചോദ്യം ചോദിച്ചാൽ ദേശ സ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് കിട്ടില്ല.
 
പുതിയതായി അച്ചടിച്ച രണ്ടായിരം രൂപയുടെ നോട്ടിന്റെ സൈസ് ആയിരം രൂപയുടെ അതേ സൈസായിരുന്നെങ്കിൽ ആദ്യ ദിവസം മുതൽ അത് എ ടി എം കൗണ്ടറിലൂടെ വിതരണം ചെയ്യാമായിരുന്നു. എന്നാൽ പുതിയ അളവു പ്രകാരമായതുകൊണ്ട് എ ടി എം യന്ത്രങ്ങളിൽ പുതിയ കറൻസി വിതരണം ചെയ്യാൻ സാങ്കേതിക മാറ്റം വരുത്തേണ്ടി വന്നു. ഇത് മൂലം ആദ്യ ദിവസങ്ങളിൽ എടിഎം കൗണ്ടറുകളിലൂടെയുള്ള പുതിയ കറൻസി വിതരണം നടന്നില്ല . ഇക്കാര്യം ചിന്തിക്കാൻ പോലും കെൽപ്പില്ലാത്ത തലകളാണ് ഇന്ത്യയെ ഭരിക്കുന്നതെങ്കിൽ ജനം ക്യൂ നിന്ന് വലയുകയല്ലാതെ മാർഗമില്ല . അതുപോലെ രണ്ടായിരം രൂപയുടെ കറൻസിക്ക് പകരം അഞ്ഞൂറു രൂപയുടെ കറൻസിയായിരുന്നു ആദ്യം ഇറക്കിയതെങ്കിൽ കുറച്ചു പ്രയാസം ലഘൂകരിക്കാമായിരുന്നു. രണ്ടായിരത്തിന്റെ കറൻസി കയ്യിൽ പിടിച്ചു കൊണ്ട് ഒരു സാധനവും വാങ്ങാൻ കഴിയാതെ ചില്ലറയ്ക്കായി ആളുകൾ അലയുന്നത് എല്ലായിടത്തെയും കാഴ്ചയായിരുന്നു. ദയവായി പ്രധാനമന്ത്രിയെ ആരും തുഗ്ലക്കുമായി താരതമ്യപ്പെടുത്തരുത്. മുഹമ്മദ് ബിൻ തുഗ്ലക്ക് മാനനഷ്ടത്തിന് കേസു കൊടുത്തേക്കും.
 
വലിയ കറൻസികൾ പൂർണമായി നിരോധിച്ചാൽ നോട്ടുകെട്ടുകളായി കള്ളപ്പണം കെട്ടിവെച്ച് സൂക്ഷിക്കുന്നവർ ബുദ്ധിമുട്ടിലാവും എന്നു പറഞ്ഞാൽ അതിൽ കുറച്ചു ശരിയുണ്ട്. പക്ഷെ ഇവിടെ സംഭവിച്ചത് അതല്ലല്ലോ. പുതിയതായി രണ്ടായിരം രൂപയുടെ കറൻസി ഇറക്കുകയാണ്‌. ആയിരം പോകുമ്പോൾ വരുന്നത് രണ്ടായിരം..! നോട്ടുകെട്ടുകളായി പണം സൂക്ഷിക്കുന്നവർക്ക് കൂടുതൽ സൗകര്യം ..!! രണ്ടായിരത്തിന്റെ നോട്ട് പുതുതായി ഇറക്കേണ്ട എന്ത് അടിയന്തിര സാഹചര്യമാണ് രാജ്യത്തുള്ളത്?.
 
കള്ളപ്പണമെന്നത് ഒരു സുപ്രഭാതത്തിൽ ആകാശത്തു നിന്ന് പൊഴിഞ്ഞു വീഴുന്നതല്ലെന്നും പല തരം അഴിമതികളിലൂടെയാണ് കള്ളപ്പണമുണ്ടാവുന്നതെന്നും വിവരമുള്ള ആരെങ്കിലും പ്രധാനമന്ത്രിയോട് പറഞ്ഞു കൊടുക്കണം. കള്ളപ്പണം ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് അഴിമതി അവസാനിപ്പിക്കുകയാണ്. ശവപ്പെട്ടി മുതൽ വ്യാപം വരെ, തെഹൽക മുതൽ സ്പെക്ട്രം വരെ സകല അഴിമതികളുമാണ് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ഉറവിടങ്ങൾ . അഴിമതിയും കോഴയുമൊക്കെ ഇന്ത്യൻ ഭരണവ്യവസ്ഥയുടെയും സമ്പദ്ഘടനയുടെയും ഭാഗമായി മാറിയിരിക്കുന്നു. സമഗ്രവും സർവ്വതല സ്പർശിയുമായ മാറ്റമുണ്ടായാലേ ഇതവസാനിക്കൂ. എന്നാൽ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് പറ്റിക്കൽ നാടകങ്ങളുമായി പ്രധാനമന്ത്രി ഇറങ്ങിത്തിരിക്കുമ്പോൾ പൗരന്മാർ രാപ്പകൽ ക്യൂവിൽ നിന്ന് തളരുകയാണ്, ചികിത്സിക്കാൻ പണമില്ലാതെ മരിച്ചുവീഴുകയും, അക്കൗണ്ടിൽ പണം വെച്ചു കൊണ്ട് പട്ടിണി കിടക്കുകയുമാണ്. ഇവിടെ ഒരു രാഷ്ട്രത്തിന്റെ വിശ്വാസ്യതയാണ് തകരുന്നത്. 
 
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബാങ്കുകളുടേയും എടിഎം കൗണ്ടറുകളുടേയും മുന്നിൽ ഞാൻ കണ്ട നീളമേറിയ ക്യൂവിലൊന്നും ശതകോടീശ്വരന്മാരായ കള്ളപ്പണ രാജാക്കൻമാർ ഉണ്ടായിരുന്നില്ല. പാവപ്പെട്ട മനുഷ്യരെയാണ് അവിടെയെല്ലാം കണ്ടത്. ഇനി ക്യൂ നിൽക്കുന്നവന്റെ കയ്യിൽ മഷി പുരട്ടും പോലും . കഴിഞ്ഞ ദിവസം വരെ അംഗീകൃതമായിരുന്ന നോട്ട് കൈവശം വെച്ചവരെയാണ് കള്ളന്മാരാക്കുന്നത്. ഇവർ ചെയ്യുന്നത് വിരലിൽ മഷി പുരട്ടുകയല്ല. രാജ്യത്തിന്റെ മുഖത്ത് കരിതേക്കുകയാണ്.
 
"തെറ്റ് ചെയ്തെങ്കിൽ തൂക്കിലേറ്റിക്കോളൂ" എന്ന് വികാരധീനനായി പ്രധാനമന്ത്രി മാധ്യമങ്ങളിലൂടെ ജനങ്ങളോട് പ്രസ്താവിച്ചതായി കേട്ടു . പരമാബദ്ധം കാണിച്ച പ്രധാനമന്ത്രിയെ തൂക്കിലേറ്റാൻ ജനങ്ങൾക്ക് അധികാരമില്ലെന്ന് മോഡിക്ക് നന്നായറിയാം. അതിനാൽ തട്ടുപൊളിപ്പൻ നാടക ഡയലോഗുകൾ തട്ടിവിടാം. ഇന്ത്യൻ ജനതയുടെ വികാരമറിയണമെങ്കിൽ സായുധരായ അംഗംരക്ഷകരുടെ അകമ്പടിയില്ലാതെ ഇന്ത്യൻ പ്രധാനമന്ത്രി ബാങ്കുകളുടെ മുന്നിലേക്ക് ചെല്ലുക. അവിടെ ക്യൂ നിൽക്കുന്ന സാധാരണക്കാരും ദരിദ്രരുമായ മനുഷ്യരോട് സ്വയം പരിചയപ്പെടുത്തുക. അത്രമാത്രം മതി. അപ്പോഴറിയാം പ്രതികരണം. പുതിയൊരു പ്രധാനമന്ത്രിയെ കണ്ടു വെച്ച ശേഷമേ ഇങ്ങനെയൊരു സന്ദർശനം നടത്താവൂ എന്ന് മാത്രം.
 
ബിർളയിൽ നിന്ന് മുമ്പ് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന പ്രധാനമന്ത്രിയുടെ ചിറകിന് കീഴിൽ കള്ളപ്പണ രാജാക്കമാർ ഉണ്ടുറങ്ങി വിരാജിക്കുമ്പോഴാണ് കള്ളപ്പണത്തിന്റെ പേരും പറഞ്ഞ് സാധാരണക്കാരെ ശ്വാസം മുട്ടിക്കുന്നത് . കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ ഇതിനിടയിൽ ബി ജെ പി കോപ്പ് കൂട്ടുന്നുമുണ്ട്. കേരളിലെ സാധാരണക്കാരന്റെ ബാങ്കാണ് സഹകരണ ബാങ്ക്. ഇന്ത്യൻ ബാങ്കുകളെ കൊള്ളയടിച്ച വിജയ് മല്യമാരുടെ 7000 കോടി എഴുതിത്തള്ളി കൂറ് പ്രഖ്യാപിച്ചവർക്ക് സഹകരണ ബാങ്കുകളെ കണ്ണിൽ പിടിക്കുന്നില്ല . അവർക്ക് വേണ്ടത് വിജയ് മല്യ മാർക്ക് കൊള്ളയടിക്കാൻ നിന്നു കൊടുക്കുന്ന ബാങ്കുകളാണ്. സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഈ അൽപ വിഭവൻമാരെ പറഞ്ഞ് മനസിലാക്കാൻ ആ പാർടിയിൽ ആരുമില്ലാതെ പോയി. റോബർട്ട് ഓവൻ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ചരിത്ര പശ്ചാത്തലമൊന്നും സംഘപരിപാരത്തിന് പിടിയുണ്ടാവില്ല. ആർ എസ് എസിന് എന്ത് റോബർട്ട് ഓവൻ..!
 
പത്ത് ലക്ഷം വിലയുള്ള കോട്ടിൽ സ്വന്തം പേര് തുന്നിച്ചേർത്ത് അതിൽ അഭിരമിക്കുകയും കള്ളപ്പണ രാജാക്കന്മാരുടെ കൂട്ട് കച്ചവടത്തിന്റെ പങ്ക് പറ്റി ഭക്ഷിക്കുകയും ചെയ്യുന്ന അൽപത്തരത്തിന് നാടിനെ നന്മയിലേക്ക് നയിക്കാനാവില്ലെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായിരിക്കുന്നു.
Next Article