ആഗോള താപനം വികസിത രാജ്യങ്ങളുടെ സൃഷ്‌ടി: പ്രധാനമന്ത്രി
ചൊവ്വ, 1 ഡിസംബര്‍ 2015 (08:29 IST)
ആഗോള താപനം വികസിത രാജ്യങ്ങളുടെ സൃഷ്‌ടിയാണെന്നും അതിന് ഇന്ത്യ ഉത്തരാവാദിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭൂമിയെ നാശമുഖത്താക്കിയ ആഗോളതാപനത്തിന് പ്രതിവിധിതേടി പാരിസില്‍ നടക്കുന്ന 21മത് യുഎന്‍ കാലാവസ്ഥാവ്യതിയാന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
2030 ആകുമ്പോഴേക്കും ഇന്ത്യ കാർബൺ നിർഗമനം 35% കുറയ്‌ക്കും. കൂട്ടായ തീരുമാനങ്ങളിലൂടെ വികസിത രാജ്യങ്ങൾ കാർബൺ നിര്‍ഗമനവും ആഗോള താപനവും നിയന്ത്രിക്കണം. ഇക്കാര്യത്തിൽ ഇന്ത്യ മാതൃകയാകും. പുനരുപയോഗസാധ്യമായ ഊർജത്തിനു പ്രധാന്യം നൽകുമെന്നും മോഡി പറഞ്ഞു. ഫ്രാൻസുമായി ചേർന്നു രാജ്യാന്തര സൗരോർജ കൂട്ടുകെട്ടിനും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. സൗരോർജ ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന മുന്നേറ്റത്തിന് ഇന്ത്യ മുൻകൈ എടുക്കുമെന്ന് മോദി വ്യക്തമാക്കി.
ആഗോളതാപനത്തിനെതിരായ പോരാട്ടത്തില്‍ ലോകം വഴിത്തിരിവിലാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു. ‘നാം പാരിസിലത്തെിയത് സ്വന്തം ജനതയേയും മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള ഇച്ഛാശക്തിയുടെ ഭാഗമായാണ്. ഈ നിര്‍ണായകസമ്മേളനം നടക്കണമെന്ന് തീരുമാനിച്ച പാരിസിലെ ജനങ്ങളെ അനുമോദിക്കുന്നു’ - ഒബാമ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി 150ഓളം ലോകനേതാക്കള്‍ അണിനിരന്ന പ്രൗഢ സദസ്സോടെയായിരുന്നു രണ്ടാഴ്ച നീളുന്ന ഉച്ചകോടിക്ക് തുടക്കമായത്. ഹരിത ഊര്‍ജത്തിന് 2000 കോടി രൂപ നല്‍കുമെന്ന് ലോകശക്തികള്‍ അറിയിച്ചിട്ടുണ്ട്.