ഇന്ത്യ ' തിളങ്ങാന്‍ ' 17പദ്ധതികളുമായി മോഡി

Webdunia
ചൊവ്വ, 22 ജൂലൈ 2014 (12:43 IST)
രാജ്യത്തെ അതിവേഗം വളര്‍ച്ചയിലേക്ക് നയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പതിനേഴ് ഇന വികസന പദ്ധതികള്‍ക്ക് രൂപമായി. കേന്ദ്രസര്‍ക്കാര്‍ നൂറാം ദിനം തികയ്ക്കാന്‍ ഒരുമാസം കൂടി ബാക്കി നില്‍ക്കെയാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ കൈവരിക്കേണ്ട 17നിര്‍ദേശങ്ങളാണ് മോഡി മന്ത്രാലയങ്ങള്‍ക്ക് കൈമാറിയത്.

പ്രധാന നഗരങ്ങളില്‍ മെട്രോ, രാജ്യത്തെവിടെയും 24 മണിക്കൂറിനകം എത്തിച്ചേരാനുള്ള ഗതാഗത സൌകര്യം, കാരാര്‍ ജോലികള്‍ അവസാനിപ്പിക്കുക, റെയില്‍ പാതകളുടെ നിലവാരമുയര്‍ത്തുക, റയില്‍വേയില്‍ കിഴക്കന്‍ തീരത്തേയും പടിഞ്ഞാറന്‍ തീരത്തേയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് പാതകള്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ തുറമുഖം, എസ്ടിഡി കോളുകള്‍ക്ക് ഒരേ നിരക്ക്, കള്ളപ്പണം തടയുന്നതിനായി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക, തൊഴില്‍ നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നിവയും പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനമാണ്.

ഈ മാസം 31നകം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മന്ത്രാലയങ്ങളുടെ അടുത്ത അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്പില്‍ അവതരിപ്പിക്കാന്‍  സെക്രട്ടറിമാരോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.