രാഷ്ട്ര പുനര്‍നിര്‍മാണമാണ് എന്റെ ലക്ഷ്യം: പ്രധാനമന്ത്രി
വെള്ളി, 15 ഓഗസ്റ്റ് 2014 (10:47 IST)
രാഷ്ട്ര പുനര്‍നിര്‍മാണമാണ് തന്റെ ലക്ഷ്യമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ പടുത്തുയര്‍ത്തിയ രാജ്യമാണ് ഇന്ത്യ. അതിനായി രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും നേട്ടത്തിനുമായി ആസൂത്രണ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വികസനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കും. ഇതിനായി ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങളാക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ പദ്ധതി നടപ്പാക്കും. ഇ-ഗവേണന്‍സിനു പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളോ രാജാക്കന്മാരോ ഉണ്ടാക്കിയ രാജ്യമല്ല ഭാരതം. അതിനാല്‍ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ തകര്‍ക്കും. ഞാന്‍ പ്രധാനമന്ത്രിയായല്ല, പ്രധാന സേവകനായാണു നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. മുന്‍ സര്‍ക്കാരുകളുടേയും പ്രധാന മന്ത്രിമാരുടേയും സംഭാവനകളെ സ്മരിക്കുന്നതായും നരേന്ദ്ര മോഡി പറഞ്ഞു. ഓരോ സ്ത്രീയും ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ രാജ്യമാണ് അപമാനിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.