തൊഴില്‍ നിയമങ്ങള്‍ക്ക് ഇനി 'പുതിയ മുഖം'

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2014 (09:23 IST)
രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഫാക്ടറിനിയമം, അപ്രന്‍റിസ് നിയമം തുടങ്ങി ചെറുതും വലുതുമായ 48 ഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ ഇതിലുള്ള ഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.

തൊഴില്‍ നിയമങ്ങളില്‍ 40ല്‍ താഴെ മാത്രം തൊഴിലാളികളുള്ള സ്ഥാപനങ്ങളെ തൊഴില്‍ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കും. മൂന്നു മാസത്തിനിടയില്‍ തൊഴിലാളിക്ക് നല്‍കാവുന്ന ഓവര്‍ടൈം പരമാവധി 50 മണിക്കൂര്‍ വരെ എന്നാണ് നിലവിലെ വ്യവസ്ഥ ഇരട്ടിപ്പിക്കും. ഫാക്ടറികളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാനുള്ള വിലക്ക് നീക്കും. ഗര്‍ഭിണികള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരെ യന്ത്രപ്പണികളില്‍നിന്ന് ഒഴിവാക്കും. അപ്രന്‍റിസ് നിയമത്തിനുകീഴില്‍ കൂടുതല്‍ തൊഴില്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തും.

വേതനത്തോടുകൂടിയ വാര്‍ഷിക അവധികള്‍ കുറക്കും. അപ്രന്‍റിസ് നിയമം നടപ്പാക്കാത്ത തൊഴിലുടമയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാമെന്ന വ്യവസ്ഥ എടുത്തുകളയും. തൊഴിലുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കൂടുതല്‍ അധികാരം ലഭിക്കുന്നെന്ന മാറ്റവുമുണ്ട്. ഇന്ത്യയെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യമാണ് തൊഴില്‍ നിയമഭേദഗതികളിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.