വെള്ളമെടുത്തതിന് ഉയര്‍ന്ന ജാതിക്കാരനായ പ്രദേശവാസി ഭാര്യയെ അധിക്ഷേപിച്ചതില്‍ മനംനൊന്ത് ദളിതന്‍ ഒറ്റയ്ക്ക് കിണറുകുത്തി വെള്ളംകണ്ടു. 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ചാണ് ഭര്‍ത്താവ് മധുരമായി പ്രതികാരം ചെയ്തത്. മൂന്നു കിണറുകളും ഒരു കുഴല്‍ക്കിണറും വറ്റിയ സ്ഥലത്താണ് താജ്‌നെയുടെ ഈ വിജയഗാഥ. ഭ്രാന്താണെന്ന് കരുതി ഒരു കൈ സഹായത്തിനെത്താതിരുന്ന താജ്‌നെയുടെ ഭാര്യയും നാട്ടുകാരും ഇപ്പോള്‍ ഇവിടെ നിന്നാണ് കുടിവെള്ളമെടുക്കുന്നത്.
ദലിത് വിഭാഗത്തില്‍പ്പെട്ടതിനാലാണ് തന്നെയും പ്രദേശത്തെ മറ്റ് ദലിതരേയും അയല്‍വാസിയുടെ കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ സമ്മതിക്കാതിരുന്നതെന്ന് തജ്‌നെ പറഞ്ഞു. തജ്‌നെ സ്വന്തമായി കിണര്‍ കുഴിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളെല്ലാം ഇപ്പോള്‍ ആ കിണറില്‍ നിന്നാണ് ഇപ്പോള്‍ ആവശ്യത്തിനുള്ള വെള്ളമെടുക്കുന്നത്. അഞ്ചുപേരെങ്കിലും വേണ്ട കിണറുപണിയാണ് താജ്‌നെ ഒറ്റയ്ക്ക് തുടങ്ങിയത്. മാര്‍ച്ചിലെ ആ ദിവസം അപമാനഭാരത്താല്‍ കരഞ്ഞാണ് താന്‍ വീട്ടിലെത്തിയതെന്നും അടുത്തുള്ള മലേഗാവ് പട്ടണത്തില്‍ പോയി പണി സാധനങ്ങള്‍ വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ ജോലി തുടങ്ങുകയായിരുന്നെന്നും ഇയാള്‍ പറയുന്നു.
ഇതിന് മുമ്പ് ഒരു കിണറു പോലും കുഴിച്ചിട്ടില്ല, ഭൂമിശാസ്ത്രപരമായി വെള്ളത്തിന്റെ സ്ഥാനം നോക്കാനറിയില്ല, പണി ആരംഭിക്കുന്നതിനു മുന്‍പ് തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും തജ്‌നെ പറഞ്ഞു. പതിനഞ്ച് അടി താഴ്ച്ചയിലാണ് തജ്‌നെ കിണര്‍ കുഴിച്ചത്. അത് ഇരുപത് അടി ആക്കണമെന്നാണ് തജ്‌നെയുടെ ആവശ്യം. ആറടി വ്യാപ്തി എട്ടടിയാക്കണമെന്നും തജ്‌നെ പറഞ്ഞു. ഇതിന് ഗ്രാമവാസികള്‍ തന്റെ സഹായത്തിനുണ്ടാകുമെന്നാണ് കരുതുന്നതെന്നു തജ്‌നെ കൂട്ടിച്ചേര്‍ത്തു.