സൂര്യയ്‌ക്കും കാര്‍ത്തിക്കും പിന്നാലെ ലക്ഷങ്ങളുമായി നടികര്‍ സംഘവും; ഓടിയൊളിച്ച് മലയാള സിനിമാ താരങ്ങള്‍

ഞായര്‍, 12 ഓഗസ്റ്റ് 2018 (15:34 IST)
മഴക്കെടുതിയുടെ ദുരിതങ്ങളില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ നടികര്‍ സംഘവും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ ആദ്യഘട്ടമായി നല്‍കും.

നടികര്‍ സംഘം പ്രസിഡന്‍റ് എം നാസറിന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന പ്രത്യേക പ്രവർത്തക സമിതി യോഗത്തിലാണ് കേരളത്തെ സഹായിക്കാനുള്ള തീരുമാനം താരങ്ങള്‍ സ്വീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ നല്‍കേണ്ട തുകയേക്കുറിച്ച് പിന്നീട് ചര്‍ച്ചയുണ്ടാകും.

യോഗത്തില്‍ ട്രഷറർ കാർത്തി, കമ്മിറ്റി അംഗങ്ങളായ നടൻ പശുപതി, ശ്രീമൻ, അജയ് രത്നം, മനോബാല, നടി സോണിയ, സംഗീത തുടങ്ങിയവർ പങ്കെടുത്തു.

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ 25 ലക്ഷം, താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം, തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി 25 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്‍സ്‌ചേഞ്ച് ചെയര്‍മാന്‍ ഡോ ബി ആര്‍ ഷെട്ടി രണ്ടു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയപ്പോള്‍ 400ലധികം അംഗങ്ങളുള്ള താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപാ മാത്രമാണ്.

മലായളത്തിലെ സൂപ്പര്‍താരങ്ങളടക്കമുള്ളവരാരും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജയസൂര്യ എത്തി അരി വിതരണം ചെയ്‌തത് മാത്രമാണ് എടുത്തു പറയാനുള്ളത്.

എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യമ്പില്‍ എത്തിയ മമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്‌തത്. മോഹന്‍‌ലാലും അതേ രീതിയാണ് പിന്തുടര്‍ന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍