ദുരിതാശ്വാസ ക്യാമ്പില്‍ അരിയുമായി ജയസൂര്യ; വീടുകള്‍ ശുചിയാക്കാന്‍ കൂടെയുണ്ടാകുമെന്ന് താരത്തിന്റെ ഉറപ്പ് - സര്‍ക്കാര്‍ പ്രവര്‍ത്തനം മികച്ചതെന്ന് വിലയിരുത്തല്‍

ഞായര്‍, 12 ഓഗസ്റ്റ് 2018 (13:35 IST)
മഴക്കെടുതിയുടെ ദുരിതങ്ങളില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ  താരങ്ങള്‍ എത്തിയ സംഭവം വാര്‍ത്താപ്രാധാന്യം നേടിയതിനു പിന്നാലെ ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ടെത്തി നടന്‍ ജയസൂര്യ.

കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ജയസൂര്യ എത്തിയത്. ആളുകളുമായി സംസാരിച്ച താരം അവരുടെ വിഷമതകള്‍ കേള്‍ക്കുകയും വെള്ളം കയറി അലങ്കോലമായ വീടുകള്‍ ശുചിയിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പ് നല്‍കി.

ക്യാമ്പിലെ ആളുകള്‍ക്ക് ആ‍വശ്യമായ അരിയും ജയസൂര്യ വിതരണം ചെയ്‌തു. ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യുന്നത്. അതില്‍ തനിക്ക് തൃപ്‌തിയുണ്ട്. എല്ലാ കാര്യങ്ങളും സര്‍ക്കാരിന് മാത്രമായി ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ കൂടുതല്‍ പേര്‍ എത്തണമെന്നും താരം അഭ്യര്‍ഥിച്ചു.

തമിഴ് സിനിമ താരങ്ങള്‍ മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കിയപ്പോള്‍ മലയാള സിനിമാ താരങ്ങള്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിടുക മാത്രമാണ് ചെയ്‌തതെന്ന ആരോപണം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ദുരിതാശ്വാസ ക്യാമ്പില്‍ ജയസൂര്യ സന്ദര്‍ശനം നടത്തി സഹായം വാഗ്ദാനം ചെയ്‌തത്.

എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യമ്പില്‍ എത്തിയ മമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍