സഹപ്രവര്‍ത്തകയ്‌ക്കൊപ്പം കാറില്‍ യാത്ര മുസ്ലിം യുവാവിനെ വിവസ്ത്രനാക്കിയ ശേഷം കെട്ടിയിട്ട് മര്‍ദ്ദിച്ചു. മഗംലാപുരത്താണ് സംഭവം. മംഗലാപുരത്തെ അട്ടാവര്‍ മാര്‍ക്കറ്റില്‍ ഇന്നലെ വൈകുന്നേരമാണ് നടുക്കുന്ന സംഭവമുണ്ടായത്. ഇതര സമുദായത്തില്‍പെട്ട സ്ത്രീയോടൊപ്പം യാത്ര ചെയ്ത മുസ്ലിം യുവാവിനെയാണ് വൈദ്യുതി പോസ്റ്റില്‍ ബന്ധിച്ച ശേഷം 20ഓളം പേര്‍ ചേര്‍ന്ന് വിവസ്ത്രനാക്കി മര്‍ദ്ദിച്ചത്.
മര്‍ദ്ദനം ഒരു മണിക്കൂറോളം തുടര്‍ന്നു. യുവാവിനെ നഗ്‌നനാക്കി നടത്തിച്ചതായും ആരോപണമുണ്ട്. മംഗലാപുരം കുലൂര്‍ സ്വദേശിയാണ് ആക്രമിക്കപ്പെട്ടത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മംഗളൂരു സൗത്ത് പൊലീസ് അറിയിച്ചു.അതിക്രമം ചോദ്യം ചെയ്തതിന് യുവാവിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ പരസ്യമായി അപമാനിക്കുകയും ചെയ്തു. യുവാവിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
അട്ടാവറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് മര്‍ദ്ദനത്തിനിരയായ യുവാവും ഒപ്പമുണ്ടായിരുന്ന സ്ത്രീയും. യുവതി കടം ചോദിച്ച പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ പോകുമ്പോഴാണ് മര്‍ദ്ദനത്തിനിരയായതെന്ന് യുവാവ് പൊലീസിന് മൊഴിനല്‍കി. സംഭവം പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. മംഗലാപുരത്ത് സദാചാര ഗുണ്ടകളുടെ അതിക്രമങ്ങള്‍ സ്ഥിരം പരിപാടിയാണെങ്കിലും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് പരാതി.