ക്ഷമിക്കണം നിങ്ങള്‍ മുസ്ലീമാണ്, അതുകൊണ്ട് ജോലി തരില്ല...! മറുപടി വായിച്ച് സെഷാൻ അലി ഖാന്‍ ഞെട്ടി
വ്യാഴം, 21 മെയ് 2015 (17:29 IST)
മുസ്ലീം സമുദായത്തില്‍ ജനിച്ചുപോയി എന്ന ഒറ്റക്കാരണത്താല്‍ മഹാരാഷ്ട്രയില്‍ എംബിഎക്കാരന് ബഹുരാഷ്ട്ര കമ്പനി ജോലി നിഷേധിച്ചു. എം.ബി.എ ബിരുദധാരിയായ സെഷാൻ അലി ഖാന്‍ എന്ന മുസ്ലിം ഉദ്യോഗാർത്ഥിക്കാണ് മുംബൈയിലെ പ്രമുഖ കയറ്റുമതി കമ്പനിയായ ഹരേ കൃഷ്ണ എക്സ്പോര്‍ട്ട്സ് മുസ്ലീമായതിനാല്‍ ജോലി നല്‍കാനാവില്ലെന്ന് അറിയിച്ചത്. തങ്ങള്‍ അമുസ്ലിങ്ങള്‍ക്ക് മാത്രമേ ജോലി നല്‍കൂ എന്നാണ് കമ്പനി പറയുന്നത്.
“താങ്കളുടെ അപേക്ഷയ്ക്ക് നന്ദി. ഞങ്ങളുടെ കമ്പനി അമുസ്ലിം ഉദ്യോഗാർത്ഥികളെ മാത്രമേ ജോലിക്ക് തിരഞ്ഞെടുക്കുകയുള്ളൂ എന്ന് ഖേദപൂർവ്വം അറിയിക്കുന്നു” എന്ന വാചകങ്ങളാണ് കഴിഞ്ഞ ദിവസം സെഷാന്‍ അലിഖാന് ലഭിച്ചത്. ഇമെയില്‍ സ്ക്രീന്‍ഷോട്ട് എടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തോടെയാണ് സംഭവം വിവാദമായത്.
വിവേചനപരമായ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തങ്ങള്‍ക്ക് അത്തരം വിവേചനങ്ങള്‍ ഇല്ലെന്ന നിലപാടുമായി കമ്പനി രംഗത്തെത്തി. ഒരാഴ്ച മുന്‍പ് മാത്രം ജോലിക്കെത്തിയ എച്ച്.ആർ ട്രെയിനി അയച്ചതാണ് മെയില്‍ എന്നും ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായും അറിയിച്ച കമ്പനി അധികൃതര്‍ ഇത് വെരുമൊരു പിശകാണെന്നും തങ്ങളുടെ നയമല്ലെന്നും വ്യക്തമാക്കി. എന്നാല്‍ സാമുദായിക വിവേചനത്തിനെതിരെ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ ഷെഹ്സാദ് പൂനാവാല ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.