‘ഗാസയ്ക്ക് പകരം മുംബൈ തകര്‍ക്കും’

ചൊവ്വ, 29 ജൂലൈ 2014 (09:57 IST)
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി മുംബൈ നഗരം തകര്‍ക്കുമെന്ന് ഭീഷണി. കഴിഞ്ഞ ദിവസം മുംബൈ പോലീസ്‌ കമ്മീഷണര്‍ രാകേഷ്‌ മരിയയുടെ പേരിലാണ് ഭീഷണി ലഭിച്ചത്. പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ്‌ അന്വേഷണം ആരംഭിച്ചു.
 
1993ല്‍ മുംബൈ നഗരം ആക്രമിച്ചതിനേക്കാള്‍ ഭീകരമായിരിക്കും ആക്രമണമെന്ന് മുജാഹിദ്ദീന്റെ പേരില്‍ അയച്ച ഒരു പേജ് കത്തില്‍ പറയുന്നു. കൊടുംഭീകരന്‍ റിയാസ്‌ ഭട്കല്‍ സ്ഥാപിച്ച ‘ഇന്ത്യന്‍ മുജാഹിദ്ദീന്‍’ നേരത്തെ ഇന്ത്യയിലെ നിരവധി സ്ഫോടനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംഘടനയാണ്. പക്ഷേ കത്തില്‍ ‘മുജാഹിദ്ദീന്‍’ എന്ന് മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. 
 
ഗാസയില്‍ പാലസ്തീനികളെ കൊന്നൊടുക്കുന്നതിന് പ്രതികാരമായി മുംബൈ നഗരത്തില്‍ സ്ഫോടന പരമ്പര നടത്തുമെന്നും തടയാന്‍ കഴിയുമെങ്കില്‍ തടഞ്ഞോളൂവെന്നും കത്തില്‍ വെല്ലുവിളിക്കുന്നു. 1993 ല്‍ നിങ്ങള്‍ക്ക്‌ ഒരു അവസരം കിട്ടി. പക്ഷെ ഇത്തവണ അതുണ്ടാവില്ലെന്നും കത്തില്‍ പറയുന്നു.
 
ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക