ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ പൊലീസുകാരനു സസ്പെൻഷൻ. ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിൾ ശശാങ്ക് റാണയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്.
വെള്ളിയാഴ്ച മുംബൈ മലാഡിലെ എസ് വി റോഡിലാണ് സംഭവം. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ വഴിയാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് വിഷയം എല്ലാവരും അറിഞ്ഞത്.
കാറിന്‍റെ പിൻസീറ്റിലിരുന്ന് ഏഴുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു യുവതി. ഇതിനിടെ നോ പാർക്കിംഗ് പ്രദേശമാണെന്നു ചൂണ്ടിക്കാട്ടി പൊലീസ് കാര്‍ കെട്ടിവലിച്ചു. തന്റെ കുഞ്ഞിന് സുഖമില്ലെന്ന് യുവതി വിളിച്ചുപറഞ്ഞെങ്കിലും ഉദ്യോഗസ്ഥന്‍ ഗൗനിക്കാതെ വാഹനം നീക്കാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്.
യുവതിയുടെ നിലവിളി കേട്ട് വിഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്‌തതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാർക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിർദ്ദയമായി പെരുമാറുന്നുവെന്നും യുവതി ആരോപിച്ചു.