മുംബൈ ഭീകരാക്രമണ കേസ്: വിചാരണ നിര്‍ത്തിവെച്ചതില്‍ ഇന്ത്യയ്ക്ക് പ്രതിഷേധം

Webdunia
വെള്ളി, 25 ജൂലൈ 2014 (14:11 IST)
മുംബൈ ഭീകരാക്രമണ കേസില്‍ വിചാരണ നിര്‍ത്തിവച്ച പാകിസ്ഥാന്റെ നടപടിയില്‍ ഇന്ത്യയ്ക്ക് ശക്തമായ പ്രതിഷേധം. വിചാരണ നടപടികള്‍ അനന്തമായി നീണ്ടുപോകുന്നതില്‍ ഡല്‍ഹിയിലെ പാകിസ്ഥാന്‍ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചു. കേസില്‍ പാകിസ്ഥാന്‍ അന്വേഷണം നടത്തണമെന്നും വിചാരണ നടപടികളുടെ വിശദാംശം പതിവായി ഇന്ത്യയെ അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 
 
പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയില്‍ പ്രതിഷേധം അറിയിച്ച് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറും പാക് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
വിചാരണ കോടതി അവധിയില്‍ പോകുന്നുവെന്ന കാരണത്താലാണ് പാകിസ്ഥാന്‍ വിചാരണ സെപ്തംബര്‍ വരെ നീട്ടിവച്ചത്. 
 
ജൂണിലും സമാനമായ രീതിയില്‍ കേസ് മാറ്റിവച്ചിരുന്നു. പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നാലു തവണ വിചാരണ മാറ്റിയിരുന്നു. 2008 നവംബര്‍ 26നാണ് ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നത്. വിദേശികളടക്കം 166 പേരാണ് മരിച്ചത്. 300 ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. പാകിസ്താനില്‍ നിന്നുള്ള 10 അംഗ തീവ്രവാദി സംഘം മുംബൈ തീരം വഴി നുഴഞ്ഞുകയറിയായിരുന്നു ആക്രമണം.