മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവന ശരിയല്ലെന്ന് ജയ്റ്റ്ലി

വെള്ളി, 22 മെയ് 2015 (14:46 IST)
ബീഫ് കഴിക്കേണ്ടവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയെ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്ത്. അത്തരമൊരഭിപ്രായം തനിക്കില്ലെന്നും നഖ്വിയുടെ പ്രസ്താവന ശരിയല്ലെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. 
 
ബീഫ് കഴിക്കാതെ ജീവിക്കാനാകില്ലെന്ന് കരുതുന്നവര്‍ പാകിസ്ഥാനിലേക്കോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോകണമെന്നു നഖ്‌വി കഴിഞ്ഞ ദിവസം പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വിശ്വാസത്തെ സംബന്ധിക്കുന്ന പ്രശ്‌നമാണ് ബീഫ് നിരോധനം. ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റില്ലെന്ന് കരുതുന്നവര്‍ പാകിസ്ഥാനിലേക്കോ മറ്റ് ഏതെങ്കിലും രാജ്യങ്ങളിലേക്കോ അതുമല്ലെങ്കില്‍ ലോകത്തു മറ്റെവിടെയാണോ ബീഫ് കിട്ടുന്നത് അവിടേക്കു പോകട്ടെ- മന്ത്രി പറഞ്ഞു. ഇതുകൂടാതെ  ഇസ്ലാം വിശ്വാസികള്‍ പോലും കന്നുകാലികളെ കൊല്ലുന്നതിന് എതിരാണെന്നും മന്ത്രി പരിപാടിയില്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക