ആരാണ് മോഡി എന്താണ് ഈ സര്‍ക്കാരിന്റെ നയങ്ങള്‍ ആര്‍ക്കും പിടി നല്‍കാതെ മുന്നോട്ട് പോകുന്ന മോഡി എന്ന വ്യക്തിത്വം ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയ സാമ്പത്തിക നിരീക്ഷകരെ കുഴക്കുന്ന പ്രഹേളിക മാത്രമാണ്. ഗുജറാത്ത് വംശഹത്യയുടെ ആരോപണവിധേയന്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിനേക്കാള്‍ വലിയ വലതുപക്ഷക്കാരനെന്ന് ഇടത് മധ്യവര്‍ഗ്ഗങ്ങള്‍ ആരോപിക്കുമ്പോളും അത്രക്കങ്ങ് വലത് പക്ഷപാതിയല്ല എന്ന് പ്രവൃത്തികൊണ്ട് തെളിയിക്കുന്ന പ്രതിഭാസം.
ഇതോക്കെ പറയാന്‍ കാരണം ഡബ്ല്യുടിഒ കരാറിനേ ചൊല്ലി ലോക പൊലീസായ അമേരിക്കയോട് ഒന്നു പോ അമേരിക്കേ എന്ന് പറഞ്ഞ തന്റേടമാണ്. വികസനത്തിലേക്ക് കുതിക്കുവാന്‍ മോഡി സര്‍ക്കാരില്‍ നിന്ന് യുപിഎ സര്‍ക്കാറിനേക്കാള്‍ ശക്തമായ വലതുപക്ഷ സമീപനമുണ്ടാകും എന്നാണ് ലോക സമ്പന്ന രാജ്യങ്ങള്‍ കരുതിയിരുന്നത്.
പൊതു ബജറ്റിലും റെയില്‍വേ ബജറ്റിലും ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ ഡബ്ല്യുടിഒ വ്യാപാരക്കരാര്‍ നിരാകരിച്ചുകൊണ്ടുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ ലോക രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് അമേരിക്കക്ക് ഞെട്ടല്‍ മാത്രമല്ല അമ്പരപ്പും കൂടിയാണ് ഉണ്ടായത്.
രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം സുഗമമാക്കുക, സുതാര്യത ഉറപ്പാക്കുക, കസ്റ്റംസ് തടസ്സങ്ങള്‍ കുറയ്ക്കുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയെ ലക്ഷ്യമാക്കിയുള്ളതാണ് വ്യാപാരസൗകര്യ കരാര്‍. എന്നാല്‍ ഇന്ത്യയിലേ സാധാരണക്കാരനെ മറന്നുകൊണ്ടുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് മോഡി ഇന്ത്യ സന്ദര്‍ശിച്ച അമേരിക്ക സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് നല്‍കിയത്.
കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിലൂടെ തെറ്റായ സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നതെന്ന് പറഞ്ഞാണ് ഇദ്ദേഹം പിന്നീട് മടങ്ങിപ്പോയത്. ഭക്ഷ്യസബ്‌സിഡി കാര്യത്തില്‍ ശാശ്വത പരിഹാരം ഉറപ്പുവരുത്താതെ വ്യാപാരസൗകര്യ കരാര്‍ ഒപ്പിടാനാവില്ല എന്ന നിലപാടാണ് ഏതാനും ദിവസമായി ജനീവയിലും ജോണ്‍ കെറിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലും നടന്ന ചര്‍ച്ചകളില്‍ ഇന്ത്യ സ്വീകരിച്ചത്.
കരുത്തുറ്റ രാജ്യത്തിന്റെ ശബ്ദം.....
ഒരു അടിസ്ഥാനവര്‍ഷത്തെ മുന്‍നിര്‍ത്തിയാണ് ഡബ്ല്യു.ടി.ഒ. സബ്‌സിഡി നിര്‍ദേശിക്കുന്നത്. 1986 മുതല്‍ 1988 വരെയുള്ള മൂന്ന് വര്‍ഷങ്ങളാണ് അടിസ്ഥാനമായി ലോകവ്യാപാര സംഘടന സ്വീകരിച്ചിരികുന്നത്.എന്നാല്‍ ഇത് 2014 ആണെന്ന കാര്യം അവര്‍ മറന്നു എന്നു തോന്നുന്നു. കാരണം വിപണിയി വില 1988നേക്കാള്‍ ഇരട്ടിയിലധികമാണെന്ന് ഏത് കണ്ണുപൊട്ടനും നിഷ്കളങ്കമായി പറയും. ഇക്കാര്യത്തിലാണ് ഇന്ത്യ ഉടക്കുന്നത്.
സബ്സീഡിയില്ലാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ കഴിയുകയില്ല. കാരണം കാലങ്ങളായി സര്‍ക്കാരുകള്‍ ഇത് നല്‍കിയാണ് ഇന്ത്യന്‍ വിപണിയേയും കര്‍ഷകരേയുമൊക്കെ സര്‍ക്കാര്‍ തങ്ങിന്‍ നിര്‍ത്തിയിരുന്നത്. ഇതെല്ലാം മനഃപൂര്‍വ്വം മറന്നുകൊണ്ട് കണ്ണുപൂട്ടി മോഡി കരാറിന് സമ്മതം മൂളുമെന്ന് കരുതിയ ഇടതിനും യുപിഎയ്ക്കും അമ്പരപ്പാണ് ഈ കാര്യത്തില്‍ മോഡി നല്‍കിയത്.
കരാറില്‍ മോഡിയുടെ നിലപാട് മോഡിയേക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റണമെന്ന ശക്തമായ സന്ദേശമാണ് നല്‍കുന്നത്. സ്വന്തം പ്രതിഛായ മാറ്റുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അല്ലായിരുന്നു എങ്കില്‍ ഒട്ടേറെ തൊഴിലവസരങ്ങളും സമ്പത്തും വര്‍ധിപ്പിക്കുന്ന ലോകവ്യാപാരം കര്‍ഷകരുടെയും സാധാരണക്കാരുടെയും താത്പര്യം അവഗണിച്ചുകൊണ്ടും സ്വീകരിക്കാന്‍ മോഡി അനുവദിച്ചേനെ.
ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ കഴിഞ്ഞ ഡിസംബറിലെടുത്ത വ്യാപാരസൗകര്യ കരാര്‍ അന്തിമധാരണയില്‍ എത്തുന്നതിനുള്ള കാലാവധി ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂലായ് 31) അവസാനിച്ചു. ഇന്ത്യ ഒപ്പിടാന്‍ മടിച്ച സാഹചര്യത്തില്‍ ഈ ബാലി കരാര്‍ അസാധുവായിരിക്കുകയാണ്.
ഇനിയുമുണ്ട് ഉദാഹരണങ്ങള്‍ ജനിതകമാറ്റം വരുത്തിയ വിത്തുകളില്‍ നടത്തിവന്ന പരീക്ഷണം നിര്‍ത്തിവെക്കുന്നതായിരുന്നു അത്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഇന്ത്യയുടെ തനതായ കാര്‍ഷികസമ്പത്തിനെ നശിപ്പിക്കുമെന്നും വിത്തുകള്‍ സ്വന്തമാക്കിയ ബഹുരാഷ്ട്രകുത്തക കമ്പനികള്‍ക്ക് രാജ്യം അടിമയാകുമെന്നും ആശങ്കകളുണ്ടായിരുന്നതാണ്. കാര്‍ഷികവിളവ് വര്‍ധിപ്പിക്കാന്‍ ഇതേയൊരു മാര്‍ഗമുള്ളൂ എന്നാണ് ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പ്രചാരകരുടെ വാദം.
യുപിഎ യ്ക്കകത്തും ഈ വിത്തുകമ്പനികളെ അനുകൂലിക്കുന്നവരുണ്ടായിരുന്നു. അന്നത്തെ കൃഷിമന്ത്രി ശരദ്പവാറിന്റെ ആവശ്യത്തിലായിരുന്നു വിത്തുകളില്‍ പരീക്ഷണം നടത്താനുള്ള തീരുമാനമെടുത്തത്. ഈ പരീക്ഷണം നിര്‍ത്താനുള്ള തീരുമാനം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത് ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന കാര്‍ഷികഗവേഷണ കൗണ്‍സില്‍ യോഗത്തിലാണ്.
പ്രഹേളികയായി രാഷ്ട്രീയ നയങ്ങള്‍...
അതേ സമയം ലോക്സഭയിലെ പ്രതിപക്ഷ സ്ഥാനത്തില്‍ മോഡിയുടെ തീരുമാനമെന്താണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായാണ് മോഡി ജനങ്ങളോട് വൊട്ട് ചോദിച്ചത്. എന്നാല്‍ അത്ര പെട്ടന്ന് കോണ്‍ഗ്രസിനേ തൂത്തെറിയാന്‍ മോഡി മുതിര്‍ന്നേക്കില്ല.
കാരണം പ്രാദേശിക കക്ഷികളെ ക്ഷയിപ്പിച്ച് കൊണ്ടുമാത്രമേ കോണ്‍ഗ്രസിനേ ഒഴിവാക്കാന്‍ സാധിക്കു എന്ന് മറ്റാരേക്കാളും അദ്ദേഹത്തിന് നന്നായി അറിയാം. അല്ലെങ്കില്‍ ബിജെപി വിരുദ്ധ വൊട്ടുകള്‍ കോണ്‍ഗ്രസ് ഇല്ലാതാകുമ്പോള്‍ മറ്റ് കക്ഷികള്‍ നേടി അവര്‍ കരുത്തരായി മാറും.
ഇന്ന് പാര്‍ലമെന്റിനകത്ത് കോണ്‍ഗ്രസ് ഒറ്റപ്പെട്ടാണിരിക്കുന്നത്. തൃണമൂല്‍കോണ്‍ഗ്രസ്, എഐഎഡിഎംകെ, എന്‍സിപി എന്നീ പ്രധാന പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ബിജെപിയോടുള്ളതിനേക്കാള്‍ എതിര്‍പ്പ് കോണ്‍ഗ്രസ്സിനോടാണ്. അതുകൊണ്ട് ബിജെപിക്കെതിരെ സഭയില്‍ ഒരു ഏകോപനമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് ബലഹീനമാണ്.
അപ്പോള്‍ കോണ്‍ഗ്രസ് മോഡിക്ക് ബിജെപിയിലേക്ക് വരുന്ന പ്രതിപക്ഷ ആക്രമണങ്ങള്‍ വഴിതിരിക്കാനുള്ള ഫലപ്രദമായ സേഫ്റ്റി വാല്‍വ് കൂടിയാണ്. ഇത്തരം നയങ്ങളും രീതികളുമാണ് മോഡിയേ സമീപ കാലത്ത് ഇന്ത്യ കണ്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഒരേ സമയം ഇടതുപക്ഷവും വലതുപക്ഷവുമായി പ്രവര്‍ത്തിക്കുന്ന രീതി ആശങ്കയിലാക്കുന്നത് ഇടത് പാര്‍ട്ടികളെ തന്നെയാണ്.