ഞാൻ പ്രധാനമന്ത്രിയല്ല, രാജ്യത്തിന്റെ പ്രധാന കാവൽക്കാരന്‍: മോഡി
തിങ്കള്‍, 25 മെയ് 2015 (18:05 IST)
ഞാന്‍ പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാന സേവകനാണെന്നും പ്രധാനമന്ത്രി ന്രേന്ദ്ര മോഡി. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മധുരയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിനു വന്നിരിക്കുന്ന മാറ്റങ്ങൾക്കു കാരണം താനല്ല. ഇവിടുത്തെ ജനങ്ങൾ തന്നെയാണ്. ഞാൻ പ്രധാനമന്ത്രിയല്ല. രാജ്യത്തിന്റെ പ്രധാന കാവൽക്കാരനാണ്, രാജ്യത്തിന്റെ സ്വത്തുക്കൾ മോഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്ന വാക്കു താൻ പാലിച്ചു. പാവപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സാഹചര്യം ഞാനാണ് നൽകിയത്. വർഷങ്ങളായി ഇവർക്ക് ബാങ്കിൽ പ്രവേശിക്കുന്നതിനു പോലും സാധിച്ചിരുന്നില്ല, മോഡി കൂട്ടിച്ചേർത്തു.
മുന്‍ യുപിഎ സര്‍ക്കരിനെതിരെയും മോഡി ആഞ്ഞടിച്ചു. യുപിഎ സർക്കാരിന്റെ കാലത്തു രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും ഒരു വർഷം കൂടി അവർ തുടർന്നിരുന്നെങ്കിലുള്ള അവസ്ഥ ആലോചിക്കാൻ സാധിക്കില്ലെന്നും മോഡി പറഞ്ഞു. ആരുടെയോ റിമോർട്ടിൽ പ്രവർത്തിക്കുകയായിരുന്നു യുപിഎ എന്നും അദ്ദേഹം ആരോപിച്ചു. യുപിഎയുടെ കാലത്ത് എന്നും അഴിമതികൾ മാത്രമായിരുന്നു കേൾക്കാൻ സാധിച്ചിരുന്നത്. നമ്മുടെ കൽക്കരി സമ്പത്ത് ഊറ്റിവിൽക്കുകയായിരുന്നു. മോഡി പറഞ്ഞു.
30 വർഷങ്ങൾക്കു ശേഷമാണ് ഒറ്റകക്ഷി ഭരണത്തിനു നിങ്ങൾ അനുമതി നൽകിയത്. പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു അധികാരത്തിലെത്തിയപ്പോഴുള്ള തന്റെ വാഗ്ദാനം. മൂന്നുപേരാണു പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനു തനിക്ക് പ്രചോദനമായത് - മഹാത്മാ ഗാന്ധി, റാം മനോഹർ ലോഹ്യ, ധീൻ ദയാൽ ഉപാധ്യയ. രാജ്യത്തെ പാവങ്ങൾക്കു വേണ്ടി, ഗ്രാമങ്ങൾക്കു വേണ്ടി, കർഷകർക്കുവേണ്ടി പ്രവർത്തിക്കുകയെന്നതായിരുന്നു ഇവർ മൂന്നുപേരുടെയും ലക്ഷ്യം- മോഡി പറഞ്ഞു.