ഇടഞ്ഞു നില്‍ക്കുന്നവരെ മെരുക്കാന്‍ മന്ത്രിസഭ അഴിച്ചുപണിയാന്‍ മോഡി

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2015 (14:17 IST)
കേന്ദ്രസര്‍ക്കാരില്‍ അതൃപ്തി പുകയ്ക്കുന്ന സഖ്യ കക്ഷികളുടെ വായടപ്പിക്കാന്‍ നരേന്ദ്ര മോഡി മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങുന്നു. ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയെ പ്രീതിപ്പെടുത്താനും പുതിയ കൂട്ടുകക്ഷിയായ പിഡിപിയ്ക്ക് പ്രാതിനിധ്യം നല്‍കുന്നതിനുമാണ് മന്ത്രിസഭ അഴിച്ചുപണിയുന്നതെന്നാണ് വിവരം. മോഡി ഫ്രാന്‍സ്, കാനഡ, ജര്‍മനി രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനു പോകുന്നതിനു മുമ്പ് മന്ത്രിസഭയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ നിന്നുള്ള ഒരംഗം മന്ത്രിസഭയിലെത്തിയേക്കും. ജമ്മു കശ്മീരില്‍ സഖ്യകക്ഷിയായ പി.ഡി.പിയെ തൃപ്തിപ്പെടുത്തുന്നതിന് ഒരു പി.ഡി.പി അംഗത്തേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. ജമ്മു കശ്മീരില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് ചുക്കാന്‍ പിടിച്ച രാംമാധവും മന്ത്രിസഭയിലെത്തുമെന്നാണ് മോഡിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയില്‍ നിന്ന് ഒരാള്‍ കൂടി മന്ത്രിസഭയിലെത്തുമെന്നാണ് വിവരം.

അതേസമയം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി നജ്മ ഹെപ്തുള്ള മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നും വിവരങ്ങളുണ്ട്. പകരം മുക്താര്‍ അബ്ബാസ് നഖ്വിക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും. ഒപ്പം ചിലമന്ത്രിമാര്‍ക്ക് കൂടി സ്ഥാനക്കയറ്റം നല്‍കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.