നന്ദി ശ്രീധരന്‍, നന്ദി ഡല്‍ഹി മെട്രോ, ആം ആദ്മിയാകാന്‍ മോഡി മെട്രോയില്‍

ശനി, 25 ഏപ്രില്‍ 2015 (13:49 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹി മെട്രോ റയിലില്‍ യാത്ര ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ ദൌല കൌന്‍ സ്റ്റേഷനില്‍ നിന്ന് എയര്‍പോര്‍ട് എക്സ്പ്രസ് മെട്രോയില്‍ ദ്വാരകയിലേക്കാണ് മോഡി യാത്ര ചെയ്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ‍ഡോവലും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. ദ്വാരകയില്‍ നാഷനല്‍ ഇന്റലിജന്‍സ് അക്കാദമിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര.

ട്രാഫിക് ഏറിയ വേളയില്‍ സുരക്ഷാ നടപടികളിലും മറ്റും പൊതുജനത്തിന് അസൌകര്യമുണ്ടാവുന്നത് ഒഴിവാക്കാനാണ് പ്രധാനമന്ത്രി മെട്രോ റയില്‍ യാത്ര തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ലമെന്റ് ക്യാന്റീനിലെത്തി ഭക്ഷണം കഴിച്ചതു പോലെ കൂടുതല്‍ സാധാരണകാരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ മെട്രോ യാത്ര എന്ന് വിലയിരുത്തപ്പെടുന്നു.

മെട്രോയിലെ യാത്ര ആസ്വദിച്ചതായി പ്രധാനമന്ത്രി പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു. യാത്ര ആസ്വദിച്ചു, നന്ദി ഡല്‍ഹി മെട്രോ, നന്ദി ശ്രീധരന്‍ജി എന്നായിരുന്നു ട്വീറ്റ്. ഡല്‍ഹി മെട്രോയിലെ യാത്രാനുഭവത്തിന് ശ്രീധരന്‍ജി എപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്നതായും ഇന്ന് അത് അനുഭവിക്കാന്‍ അവസരമുണ്ടായതായും മോഡി ട്വിറ്ററില്‍ കുറിച്ചു. മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍ സിങ്ങും  എ.ബി വാജ്പേയിയും മെട്രോ ട്രെയിന്‍ ട്രാക്കുകളുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം ട്രയിനില്‍ യാത്ര ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ നേതാക്കളും  മെട്രോയില്‍ സഞ്ചരിച്ചിട്ടുള്ള പ്രമുഖരില്‍ ഉള്‍പ്പെടുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക