മോഡി-അദ്വാനി ചര്‍ച്ച

Webdunia
തിങ്കള്‍, 19 മെയ് 2014 (08:52 IST)
ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡി പാര്‍ട്ടിയിലെ പ്രമുഖനേതാക്കളെ കണ്ട് പ്രത്യേകം ചര്‍ച്ചനടത്തി. അദ്വാനിയുടെ വസതിയില്‍ നാല്‍പത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ അമിത് ഷായും ജെപി നഡ്ഡയും ചര്‍ച്ചയില്‍ പങ്കെടുത്തു.
 
24-നോ 25-നോ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചൊവ്വാഴ്ചയാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ച ദേശീയ ജനാധിപത്യസഖ്യത്തിലെ കക്ഷികളുടെ യോഗവും വിളിച്ചിട്ടുണ്ട്. 
 
സര്‍ക്കാര്‍ രൂപവത്കരണത്തിന് മുന്നോടിയായി ആര്‍.എസ്.എസ്. നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അരുണ്‍ജെയ്റ്റ്‌ലി ആര്‍. എസ്.എസ്. ജനറല്‍സെക്രട്ടറി രാം രാലിനെയും കണ്ടു.
 
രാജ്‌നാഥ് സിങ് മന്ത്രിസഭയിലേക്ക് വരുന്ന പക്ഷം പാര്‍ട്ടി അധ്യക്ഷസ്ഥാനം നിതിന്‍ ഗഡ്കരിക്ക് നല്‍കാനാണ് സാധ്യത. സര്‍ക്കാറില്‍ ചേരാനുള്ള താത്പര്യം മുന്‍ അധ്യക്ഷന്‍കൂടിയായ ഗഡ്കരി നേരത്തേ നേതൃത്വത്തെ അറിയിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനത്തിന് വഴങ്ങിയേക്കും. 
 
രാജ്‌നാഥ് സിങ്ങിന് ആഭ്യന്തരവകുപ്പിലാണ് താത്പര്യം. മോഡിക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ സുഷമാസ്വരാജിന് വിദേശകാര്യം നല്‍കിയേക്കും. ധനകാര്യം അരുണ്‍ ജെയ്റ്റ്‌ലിക്ക് എന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായെന്നാണ് സൂചനകള്‍. 
 
മുതിര്‍ന്ന നേതാവായ അദ്വാനിയെ പിണക്കാതെ കൂടെനിര്‍ത്തിക്കൊണ്ടുള്ള ഒത്തുതീര്‍പ്പാണ് മോഡി പരീക്ഷിക്കുന്നത്. പാര്‍ട്ടി ജനറല്‍സെക്രട്ടറി അനന്ത് കുമാറും രാവിലെ അദ്വാനിയെ കണ്ടിരുന്നു. അതേസമയം, സര്‍ക്കാറില്‍ നിര്‍ണായക സ്ഥാനത്തേക്ക് അദ്വാനി പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.
 
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിചുമതലയുള്ള നേതാവുമായ അമിത് ഷായ്ക്ക് സര്‍ക്കാറില്‍ നിര്‍ണായകസ്വാധീനമുണ്ടായേക്കും. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് നല്‍കിയ സംസ്ഥാനം എന്ന നിലയ്ക്ക് കര്‍ണാടകയ്ക്ക് കൂടുതല്‍ പരിഗണന കിട്ടിയേക്കും.