ബാത്ത്‌റൂമില്‍ മൊബൈൽ ഫോണ്‍ ഉപയോഗിക്കാറുണ്ടോ ?; ഉണ്ടെങ്കില്‍ നിങ്ങള്‍ മാരക രോഗിയാണ്

Webdunia
വെള്ളി, 25 മാര്‍ച്ച് 2016 (15:39 IST)
ബാത്ത്‌റൂമില്‍ വച്ച് മൊബൈൽഫോൺ ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക...നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. ഇന്നത്തെ കാലത്ത് മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുകയാണ്. അതുപോലെതന്നെ പലരിലും കണ്ടുവരുന്ന ഒരു സഭാവമാണ് മൊബൈൽ ഫോണുമായി ബാത്ത്‌റൂമിലേക്ക് പോകുക എന്നത്. എന്നാൽ, ബാത്ത്‌റൂമിലേക്ക് മൊബൈൽ ഫോൺ കൊണ്ടു പോകുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മാത്രമല്ല, ഫോണിൻമേൽ ബാക്ടീരിയ കയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.
 
പല രോഗങ്ങള്‍ക്കും കാരണമാകാവുന്ന രോഗാണുക്കളും കീടങ്ങളും കൂടുതലായുള്ള സ്ഥലമാണ് ബാത്ത്‌റൂം.
കൂടാതെ ബാത്ത്‌റൂമിന്റെ വാതിലുകളിലും അതിന്റെ ലോക്കിലും തറ, ടാപ്പ് എന്നീ സ്ഥലങ്ങളിലുമാണ് ബാക്ടീരിയകൾ കൂടുതലായും കാണപ്പെടുന്നത്. ബാത്ത്‌റൂമുകളിലെ തറയിൽ ഫോൺ വയ്ക്കുന്ന നാലില്‍ ഒരാള്‍ക്ക് മാരകമായ പകർച്ച വ്യാധികൾ പിടിപെടുന്നതായാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. കൈകള്‍ സോപ്പിട്ട് കഴുകിയാല്‍ പോലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.  
മൂത്രം ഒഴിക്കുകയോ ഫ്ലഷ് ചെയ്യുകയോ ചെയ്യുമ്പോള്‍ അതിന്റെ പ്രതിഫലനം ആറടി ദൂരത്തോളം എത്തുമെന്നാണ് ഇതിനു കാരണമായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
പബ്ലിക് ടോയ്‌ലറ്റിലെ സ്ഥിതിയാണ് വളരെ പരിതാപകരം. മിക്ക ടോയ്‌ലറ്റിലും ഫോണ്‍ സൂക്ഷിക്കുന്നതിനായി ഒരു ഹോള്‍ഡര്‍ ഉണ്ടാകാറുണ്ട്. ഈ ഹോള്‍ഡറാണ് ഏറ്റവും കൂടുതല്‍ കീടാണുക്കളെ വഹിക്കുന്നത്. കൂടാതെ ഫ്ലഷ് ചെയ്യുമ്പോഴും മറ്റും തെറിക്കുന്ന തുള്ളികളില്‍പ്പോലും ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ആ തുള്ളികള്‍  ഫോണുകളിലേക്ക് തെറിക്കുന്ന വേളയില്‍ പല മാരകമായ ബാക്റ്റീരിയകളും അതിലേക്ക് പകരാന്‍ സാധ്യതയുണ്ട്.
 
സാൽമോണല്ല, ഷിഗെല്ല, ഇ-കോളി, ഹെപറ്റൈറ്റിസ് എ, വയറിളക്കം, മെഴ്‌സ, സ്‌ട്രെപ്‌ടോകോകസ് എന്നിങ്ങനെ നീളുന്നു ഇത്തരം ആളുകള്‍ക്ക് വരാന്‍ സാധ്യതയുളള രോഗങ്ങളുടെ പട്ടിക. മറ്റൊരു കാര്യം മൂത്രമൊഴിച്ചതിനു ശേഷം കൈ കാലുകള്‍ നല്ലപോലെ വൃത്തിയാക്കുകയെന്നതാണ്. അല്ലാത്തപക്ഷം കൈകൊണ്ട് കണ്ണിൽ തൊടുന്നതോടെ ചെങ്കണ്ണ് പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ, ഫോൺ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞാലും കഴുകാന്‍ സാധിക്കില്ലയെന്നത് ഫോണിനെ പ്രധാനപ്പെട്ട ഒരു കീടാണുവാഹിനിയാക്കി മാറ്റുകയും ചെയ്യുന്നു.