പഞ്ചാബിൽ, പൊലീസ് സ്റ്റേഷനു നേരെയും ബസിനു നേരെയും ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാരനും നാല് സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ ഇപ്പോഴും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ആക്രമണങ്ങളിലുമായി സാധാരണക്കാരും പൊലീസുകാരും അടക്കം പത്തുപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് പ്രാഥമിക നിഗമനം. പട്ടാളവേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. പ്രദേശത്തു തോക്കുധാരികളും പോലീസുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
രാവിലെ 5.30 ഓടെയായിരുന്നു ആക്രമണം. ആദ്യം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേര്‍ക്കും അതിനുശേഷം ഒരു മാരുതികാര്‍ പിടിച്ചെടുത്ത തീവ്രവാദികള്‍ പൊലീസ് സ്റ്റേഷനിലേക്കും ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. പഞ്ചാബിലെ ദിനനഗര്‍ ജില്ലയില്‍ ജമ്മു അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്‍ഡിലായിരുന്നു ആക്രമണം. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയും ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു.
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുരുദാസ്‌പൂരിലെ ദിനനഗർ പൊലീസ് സ്റ്റേഷനു നേരെയാണ് സൈനിക വേഷത്തിലെത്തിയ തീവ്രവാദികൾ ആക്രമണം നടത്തിയത്. വെള്ള നിറമുള്ള മാരുതി കാറിലാണ് ഭീകരർ എത്തിയത്. പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ ഉടൻ തന്നെ ഭീകരർ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പാറാവ് നിൽക്കുകയായിരുന്ന രണ്ട് പൊലീസുകാർ തത്ക്ഷണം മരിച്ചു. പൊലീസ് പ്രത്യാക്രമണം നടത്തുന്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.
അതിനിടെ ദിനനഗറിനും പത്താൻകോട്ടിനും ഇടയിലെ റെയിൽപാളത്തിൽ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കിയിട്ടുണ്ട്. ട്രാക്കിൽ പരിശോധന നടത്തി വരികയാണ്. സൈനികരുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പത്താൻകോട്ട്. പാക് അനുകൂല ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കൂടുതല്‍ അര്‍ധ സൈനിക വിഭാഗങ്ങളെ രംഗത്തിറക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.