മേരി കോം ഇടി നിര്‍ത്തുന്നു, ഇനി സ്വസ്ഥം ഗൃഹഭരണം...

ചൊവ്വ, 3 മാര്‍ച്ച് 2015 (14:06 IST)
ഇന്ത്യയുട് ഇടിക്കൂട്ടിലെ സിംഹമായ ബോക്സിംഗ് താരം മേരി കോം ബോക്സിംഗ റിംഗിമോട് വിടപറയാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സോടെ വിരമിക്കാനാണ് 32കാരിയായ മേരി കോം തീരുമാനിച്ചിരിക്കുന്നത്. വിരമിച്ചതിനു ശേഷം തന്റെ ബോക്സിംഗ് അക്കാദമിയുടെ പ്രവേര്‍ത്തനങ്ങളുമായി മുന്നൊട്ട് പോകാനാണ് മേരി കോം തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെയായിരുന്നു മേരിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
 
എന്റെ മൂന്നാമത്തെ കുട്ടിക്ക് രണ്ടു വയസ്സായി. ഇനി ബോക്‌സിങ് നിര്‍ത്തണമെന്ന് മനസ്സ് പറയുന്നു. മൂന്ന് കുട്ടികളായശേഷം ഇതുപോലെ മത്സരരംഗത്ത് സജീവമായവര്‍ എത്ര പേരുണ്ട്? റിയോയില്‍ ഒരു സ്വര്‍ണം നേടി രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കണമെന്നുണ്ട്. അതാണ് എന്റെ ലക്ഷ്യം. അതാവും എന്റെ അവസാനത്തെ മത്സരം-മേരി പറഞ്ഞു. റിയോ ഒളിംപക്‌സിനുശേഷം തന്റെ അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മേരിയുടെ ഉദ്ദേശം. അതിന്റെ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അക്കാദമി ഉദ്ഘാടനം പ്രധാന മന്ത്രിയേക്കൊണ്ട് ചെയ്യിക്കണമെന്നാണ് മേരി ആഗ്രഹിക്കുന്നത്. മോഡി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മേരി പറയുന്നു. 
 
ലണ്ടന്‍ ഒളിംപിക്‌സില്‍ ആദ്യമായി ബോക്സിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടി ചരിത്രം സൃഷ്ടിച്ച മേരി അഞ്ചു തവണ ലോക ചാമ്പ്യനായിട്ടുണ്ട്. നാലുതവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്. 46 കിലോവിഭാഗത്തിലാണ് മേരി നേട്ടങ്ങള്‍ കൊയ്തതെങ്കിലും ലണ്ടന്‍ ഒളിംപിക്‌സിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും മാറ്റുരച്ചത് 51 കിലോഗ്രാം വിഭാഗത്തിലാണ് എന്നതും പ്രത്യേകതയാണ്. 
 
രാജ്യം 2013ല്‍ പത്മഭൂഷണും 2010ല്‍ പത്മശ്രീയും 2009ല്‍ രാജീവ്ഗാന്ധി ഖേല്‍രത്‌നയും 2003ല്‍ അര്‍ജുന അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. 2013ല്‍ ദിന സെര്‍തോയോടൊപ്പം അണ്‍ബ്രേക്കബിള്‍ എന്ന ആത്മകഥ ഇറക്കി. 2014ല്‍ മേരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പ്രിയങ്ക ചോപ്ര നായികയായ മേരി കോം എന്ന ചിത്രം ഒരുക്കിയത്.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക