മനോജ് വധം: പിബിയില്‍ സംസ്ഥാനഘടകം റിപ്പോര്‍ട്ട് നല്‍കും
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (14:13 IST)
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്റെ കൊലപാതകം സിപിഎം പിബി യോഗത്തില്‍ ചര്‍ച്ചചെയ്യും. മനോജ് വധം ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയും പാര്‍ട്ടി പ്രതിക്കൂട്ടിലാകുകയും ചെയ്ത് സാഹചര്യത്തിലാണ് പൊളിറ്റ് ബ്യൂറോ ഇക്കാര്യം പരിശോധിക്കുന്നത്.
അക്രമ രാഷ്ട്രീയവും കൊലപാതകവും പാര്‍ട്ടിക്ക് കളങ്കവും ജനങ്ങളുടെ ഇടയില്‍ മോശമായ ചിത്രവും നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മനോജ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പിറക്കിയെങ്കിലും അതില്‍ സംതൃപ്തരല്ല സിപിഎം കേന്ദ്ര നേതാക്കള്‍. അതിനാല്‍ ഈ വിഷയത്തില്‍ സംസ്ഥാനം നല്‍കുന്ന റിപ്പോര്‍ട്ട് ബുധനാഴ്ചയാരംഭിക്കുന്ന മൂന്ന് ദിവസത്തെ പിബി യോഗം പരിശോധിക്കും.
ടിപി കേസും എംഎം മണിയുടെ ഏറ്റുപറച്ചിലും ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. ഇത്തരത്തിലുള്ള നിക്കങ്ങള്‍ ഒരു തരത്തിലും പാര്‍ട്ടിക്ക് ഗുണമാകില്ലെന്നും കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ മുപ്പത് വര്‍ഷത്തെ രാഷ്ട്രീയ സമീപനം വിലയിരുത്തുന്ന അവലോകന രേഖ തയ്യാറാക്കാനുള്ള പിബി യോഗങ്ങള്‍ക്ക് ബുധനാഴ്ചയാണ് തുടക്കമാവുക.