മഞ്ജു വാര്യര്‍ സംസാരിച്ചത് 15 സെക്കന്‍ഡ്, ഫോണ്‍ പെട്ടെന്ന് കട്ടായി, ശക്തമായ മണ്ണിടിച്ചിലും പ്രളയവും; ഹിമാചലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
ചൊവ്വ, 20 ഓഗസ്റ്റ് 2019 (13:37 IST)
ഹിമാചല്‍ പ്രദേശില്‍ ദുരിതമഴ തുടരുന്നു. മലയാളത്തിന്‍റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ അടക്കം 200 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നു. സഹോദരന്‍ മധു വാര്യരെ വിളിച്ച് മഞ്ജു വാര്യര്‍ തന്നെയാണ് സ്ഥിതി അറിയിച്ചത്.
വെറും 15 സെക്കന്‍ഡ് നേരം മാത്രമാണ് മഞ്ജു വാര്യരുടെ ഫോണ്‍ സംഭാഷണം നീണ്ടുനിന്നത്. അതിന് ശേഷം ഫോണ്‍ കട്ടായി. ഇപ്പോള്‍ ഈ നമ്പരിലേക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല. രണ്ടുദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ മാത്രമാണ് മഞ്ജു ഉള്‍പ്പെടുന്ന ഷൂട്ടിംഗ് സംഘത്തിന്‍റെ പക്കലുള്ളതെന്നും വിവരമുണ്ട്.
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് മഞ്ജു വാര്യര്‍ ഹിമാചല്‍ പ്രദേശിലെത്തിയത്. മണാലിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഛത്ര എന്ന സ്ഥലത്താണ് മഞ്ജു ഇപ്പോഴുള്ളത്.
മണ്ണിടിച്ചില്‍ കാരണം മണാലിയിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. താല്‍ക്കാലിക റോഡ് നിര്‍മ്മിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതുവരെ 80 പേരാണ് ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയില്‍ മരിച്ചത്. തിങ്കളാഴ്ച മാത്രം 12 പേര്‍ മരിച്ചു.