പാകിസ്ഥാന്‍ വാര്‍ത്താചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ ബി ജെ പി. ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് പാക് ചാനലില്‍ പറഞ്ഞത് രാജ്യദ്രോഹക്കുറ്റമാണെന്നും അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
പാകിസ്ഥാന്‍ ചാനലായ ദുനിയ ടിവിയില്‍ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കവേ മണിശങ്കര്‍ അയ്യര്‍ വിവാദപരാമര്‍ശം നടത്തിയത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ കരുതുന്നത് മോഡിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നാണെന്നും എന്നാല്‍ ചര്‍ച്ച പുനരാരംഭിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു അയ്യര്‍ പറഞ്ഞത്.
പാകിസ്ഥാന്‍ ചാനലില്‍ പ്രധാനമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയത് ദേശവിരുദ്ധ കുറ്റമാണെന്നാണ് ബി ജെ പി ആരോപണം. വിഷയത്തില്‍ കോണ്‍ഗ്രസ് മൌനം പാലിക്കുകയാണെന്നും ബി ജെ പി നേതൃത്വം ആരോപിച്ചു.
അതേസമയം, താന്‍ ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്കിയ വിശദീകരണം. അതിനാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.