മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം, സമൂഹമാധ്യമങ്ങളോട് കേന്ദ്ര സർക്കാർ

Webdunia
വ്യാഴം, 20 ജൂലൈ 2023 (12:46 IST)
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം പരസ്യമായി നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കാന്‍ സമൂഹമാധ്യമങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും രാജ്യത്തെ നിയമം പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അതേസമയം വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.
 
മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇടത് എം പിമാരായ ബിനോയ് വിശ്വം, എ എ റഹീം എന്നിവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. വിഷയത്തില്‍ ടി എന്‍ പ്രതാപന്‍ എം പിയും എന്‍ കെ പ്രേമചന്ദ്രനും ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് എം പി മനീഷ് തിവാരി ലോകസഭയിലും കോണ്‍ഗ്രസ് എം പി മാണിക്യം ടാഗോര്‍, എഎബപി എം പി സഞ്ജയ് സിംഗ് എന്നിവര്‍ രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.
 
മണിപ്പൂരില്‍ മെയ് നാലിനാണ് രണ്ട് സ്ത്രീകളെ നഗ്‌നരാക്കി ജനക്കൂട്ടം ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംസ്ഥാനത്ത് വീണ്ടും അക്രമങ്ങള്‍ ശക്തമാകുമെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കൂട്ട ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article