അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പൂർണമായും വിജയിച്ചിരിക്കുന്ന ബി ജെ പിയാണ്. നാല് സംസ്ഥാനങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനത്തെ ഗൌരവത്തോടെ കാണേണ്ടതുണ്ട്. യു പിയും ഉത്തരാഖണ്ഡും ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ മണിപ്പൂരും ബി ജെ പിയ്ക്ക് കീഴിൽ എന്നാണ് റിപ്പോർട്ടുകൾ.
മണിപ്പൂരില്‍ ഇത്തവണ കോണ്‍ഗ്രസിന് 28 സീറ്റുകളാണുള്ളത്. കഴിഞ്ഞതവണ 42 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ആദ്യമായി അക്കൌണ്ട് തുറന്ന ബി ജെ പി 21 സീറ്റുകള്‍ നേടി രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബാക്കി നേതൃത്വം ആരെ പിന്തുണയ്‌ക്കുമെന്ന കാര്യത്തിൽ ഇപ്പോൾ ഏകദേശം തീരുമാനമായിരിക്കുകയാണ്.
നാല് സീറ്റുകള്‍ വീതമുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും ബി ജെ പിയെ പിന്തുണക്കാനാണ് സാധ്യത. ഈ രണ്ട് പാര്‍ട്ടികളും ബി ജെ പി നേതൃത്വം നല്‍കുന്ന വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യമെന്ന കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലുള്ള പാര്‍ട്ടികളാണ്. മണിപ്പൂരില്‍ ബി ജെ പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വെറുതെ വരുന്നതല്ല. വലിയ കുതിരക്കച്ചവടത്തിനുള്ള സാധ്യതയാണ് മണിപ്പൂരിലുള്ളത്.