അപ്പോളൊ ആശുപത്രിയിലെ ഡോക്ടറാണെന്ന വ്യാജേന എത്തിയ യുവാവ് ഡീലേഴ്‌സ് ഷോറൂമില്‍ നിന്നും ടെസ്റ്റ് ഡ്രൈവിങ്ങിനെടുത്ത ഓഡി ക്യു3 കാറുമായി മുങ്ങി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11.30 ഓടെ ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലാണ് സംഭവം നടന്നത്. ഗൗതം റെഡ്ഡിയെന്ന പേരില്‍ എത്തിയ വ്യക്തിയാണ് കാറുമായി കടന്നു കളഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
ഓഡി കാര്‍ വാങ്ങണമെന്നത് ദീര്‍ഘകാലമായുള്ള തന്റെ ആഗ്രഹമാണെന്നു പറഞ്ഞാണ് യുവാവ് കാര്‍ ടെസ്റ്റ് ഡ്രൈവിങ്ങിന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഡീലറായ നരേന്ദ്ര കുമാര്‍ 2011ല്‍ പുറത്തിറങ്ങിയ മോഡല്‍ ഓഡി ക്യു3 എപി 28 DR 0005 നമ്പറിലുള്ള കാര്‍ ടെസ്റ്റ് ഡ്രൈവിനായി നല്‍കുകയും ചെയ്തു. കൂടാതെ യുവാവിന്റെ കൂടെ പോകുന്നതിനായി ഷോറൂമിലെ ഒരു ജീവനക്കാരനേയും നിയോഗിച്ചു.
എന്നാല്‍ ഫിലിം നഗറിലെ അപ്പോളൊ ആശുപത്രിയിയ്ക്ക് സമീപം എത്തിയപ്പോള്‍ കാര്‍ തനിക്ക് ഒറ്റക്ക് ഓടിക്കണമെന്നും ഷോറൂം ജീവനക്കാരനോട് വാഹനത്തില്‍ നിന്ന് ഇറങ്ങാനും യുവാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരന്‍ കാരില്‍ നിന്ന് ഇറങ്ങിയ ഉടനെ യുവാവ് വളരെ വേഗതയി കാര്‍ ഓടിച്ച് പോകുകയായിരുന്നു. ഷോറൂം ഉടമ നല്‍കിയ പരതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.